അൻസു ഫാറ്റിയുടെ പരിക്ക് തിരിച്ചടിയാവുക യുണൈറ്റഡിനു, താരം നാലു മാസത്തേക്ക് പുറത്ത്
റയൽ ബെറ്റിസുമായുള്ള മത്സരത്തിൽ ബാർസലോണ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയെങ്കിലും യുവതാരം അൻസു ഫാറ്റിക്ക് പരിക്കേറ്റത് ബാഴ്സക്ക് വലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. റയൽ ബെറ്റിസ് താരം ഐസ മെൻഡിയുടെ ഫൗളിലാണ് അൻസു ഫാറ്റിയുടെ കാൽമുട്ടിനു പരിക്കേൽക്കുന്നത്. നിലവിൽ ശസ്ത്രക്രിയ വേണമെന്നാണ് ബാഴ്സ മെഡിക്കലിന്റെ കണ്ടെത്തൽ.
ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞാൽ നിലവിൽ നാലഞ്ചു മാസമെങ്കിലും താരത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടതു കാൽമുട്ടിന്റെ മെനിസ്‌കസിനാണ് പരിക്കേറ്റിരിക്കുന്നത്. താരത്തിന്റെ അഭാവത്തിൽ ബാഴ്സയ്ക്കൊപ്പം മറ്റൊരു ക്ലബിനെയും ഇത് വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. മാറ്റാർക്കുമല്ല പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് ഈ പരിക്ക് വയ്യാവേലിയാകുക.
Ousmane Dembele's potential January transfer from Barcelona to Manchester United may have been affected by Ansu Fati's injury.https://t.co/2CpGPAcoeV
— Sport24Soccer (@Sport24Soccer) November 10, 2020
യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഉസ്മാൻ ഡെമ്പെലെയെ ഇതോടെ ബാഴ്സയിൽ തന്നെ നിലനിർത്താനുള്ള സാഹചര്യമാണ് ഉയർന്നു വന്നിരിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലെ പ്രധാന ലക്ഷ്യമായിരുന്ന യുവ പ്രതിഭ ജേഡൻ സാഞ്ചോക്ക് പകരം യുണൈറ്റഡ് നോക്കിവെച്ച താരമാണ് ഡെമ്പെലെ. ഈ ജനുവരി ട്രാൻസ്ഫറിൽ ഡെമ്പെലെയെ വിപണിയിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആ അവസരമാണ് അൻസു ഫാറ്റിയുടെ പരിക്കോടെ കീഴ്മേൽ മറിഞ്ഞിരിക്കുന്നത്. പരിക്കു മൂലം ബാഴ്സക്കായി കഴിവു തെളിയിക്കാൻ പറ്റാതെ പോയ താരമാണ് ഡെമ്പെലെ. എന്നാൽ ഈ അവസരം താരത്തിനു മുതലെടുക്കാനായാൽ ബാഴ്സയിൽ തന്നെ തുടരാനുള്ള അവസരമായിരിക്കും ഉയർന്നു വരിക. ജനുവരിയിൽ താരത്തെ സ്വന്തമാക്കാനാവില്ലെങ്കിലും സീസൺ അവസാനം താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചേക്കും. എല്ലാം ഡെമ്പെലെയുടെ ബാഴ്സയിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.