ബാഴ്സക്ക് ലാലിഗ നേടാനാവും, ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച്‌ ബാഴ്സ പ്രതിരോധതാരം

Image 3
FeaturedFootballLa Liga

അത്ലറ്റിക്കോ മാഡ്രിഡുമായി നടന്ന ലാലിഗ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു തോൽവി രുചിച്ചിരിക്കുകയാണ് കാറ്റാലൻ വമ്പന്മാരായ ബാഴ്സ. ബാഴ്സയുമായുള്ള വിജയത്തോടെ ലീഗിൽ രണ്ടാംസ്ഥാനത്തെത്താൻ അത്ലറ്റിക്കോക്ക് സാധിച്ചു. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള റയൽ സോസീഡാഡുമായി 12 പോയിന്റു വ്യത്യാസത്തിൽ പതിനൊന്നാം സ്ഥാനത്താണ് ബാഴ്സലോണ.

കാറ്റാലൻ വമ്പന്മാരുടെ ചരിത്രത്തിൽ തന്നെ മോശം തുടക്കമാണ് കൂമാന്റെ ബാഴ്സ അഭിമുഖീകരിക്കുന്നതെങ്കിലും ബാഴ്സക്ക് ലാലിഗ നേടാനാവുമെന്നു ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ബാഴ്സ പ്രതിരോധതാരം ക്ലമന്റ് ലെങ്ലറ്റ്. ഡൈനമോ കീവുമായി നടക്കാനിരിക്കുന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിന്റെ മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് താരം ബാഴ്സയുടെ ലാലിഗയിലെ മോശം തുടക്കത്തേക്കുറിച്ച് സംസാരിച്ചത്.

മോശം തുടക്കത്തിലും ബാഴ്സക്കിനി ലാലിഗ നേടാനുള്ള സാധ്യതകളുണ്ടോയെന്ന ചോദ്യത്തിനാണ് ലെങ്ലറ്റ് മറുപടി നൽകിയത്. “അതേ, ഈ അവസ്ഥയിലും ലാലിഗ ഞങ്ങൾക്ക് ജയിക്കാനാവും. ഞങ്ങൾ ഇപ്പോൾ തലകുനിച്ചാൽ അതൊരിക്കലും പ്രൊഫഷനലിസത്തിനു ചേരുന്നതായിരിക്കില്ല. അത് കൂടുതൽ അപമാനകരമായിരിക്കും. ഞങ്ങൾക്ക് ഇതിനെയെല്ലാം മറികടക്കേണ്ടതുണ്ട്.” ലെങ്ലറ്റ് വ്യക്തമാക്കി.

ചാമ്പ്യൻസ്‌ലീഗിൽ ഡൈനമോ കീവിന്റെ തട്ടകത്തിൽ വെച്ചാണ് ബാഴ്സക്ക് മത്സരമുള്ളത്. ബുധനാഴ്ച പുലർച്ചെ നടക്കാനിരിക്കുന്ന മത്സരത്തിന്റെ സ്‌ക്വാഡിൽ നിന്നും സൂപ്പർതാരം ലയണൽ മെസിയെയും മധ്യനിരതാരം ഫ്രങ്കി ഡിയോങ്ങിനെയും കൂമാൻ ഒഴിവാക്കി.ഗ്രൂപ്പിൽ ബാഴ്സ മികച്ച സ്ഥിതിയിലാണുള്ളതെന്നതിനാൽ കൂമാൻ ഇരുവർക്കും വിശ്രമം നൽകാൻ തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റ പിക്കെക്കു പകരക്കാരനായി ബാഴ്സ ബി താരം ഓസ്കാർ മിൻഗ്വേസയെയാണ് കൂമാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്.