ഹംഗേറിയൻ യുവപ്രതിഭക്കായി റയൽ മാഡ്രിഡ്‌, മത്സരിച്ച് ബയേൺ മ്യൂണിക്കും രംഗത്ത്

Image 3
BundasligaFeaturedFootball

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്‌ ജർമൻ ക്ലബ്ബായ റെഡ്ബുൾ സാൽസ്ബർഗിന്റെ ഹംഗേറിയൻ യുവപ്രതിഭയായ ഡോമിനിക് സോബോസ്ലായിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നു കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോൾ റയൽ മാഡ്രിഡിനൊപ്പം ജർമൻ വമ്പന്മാരായ ബയേൺ മ്യുണിക്കും താരത്തിനായി ശ്രമിക്കുമെന്നാണ് ബയേൺ ജർമൻ ഇതിഹാസതാരം ലോതർ മതെയൂസ് വ്യക്തമാക്കിയിരിക്കുകയാണ്.

ഇരുപതുകാരൻ സോബോസ്ലായ് ഹംഗറിയുടെ ഫെറെൻക് പുസ്കാസ് ആണെന്നാണ് മതെയൂസിന്റെ അഭിപ്രായം. അടുത്തിടെ ഐസ്ലാൻഡിനെതിരെ ഇഞ്ചുറി ടൈമിൽ ഗോൾ നേടി ഹംഗറിയെ യൂറോ കപ്പിന് യോഗ്യത നേടിക്കൊടുക്കാൻ സോബോസ്ലായ്ക്ക് സാധിച്ചിരുന്നു. ജർമൻ മാധ്യമമായ അബൻസെയ്ടുങ് മുൻച്ചനു നൽകിയ അഭിമുഖത്തിലാണ് മതെയൂസ് ഈ ഹംഗേറിയൻ താരത്തെക്കുറിച്ച് സംസാരിച്ചത്.

“ഒരു ഡോമിനിക് സോബോസ്ലായ് ഉണ്ട്. ഐസ്ലാൻഡിനെതിരെ നിർണായക ഗോൾ നേടാൻ അവനു സാധിച്ചിരുന്നു. കായ് ഹാവെർട്സിനെപ്പോലെ ഒരു വിലമതിക്കാനാവാത്ത താരമാണ്. ഹംഗറിയിൽ അവനേ ഇതിനകം തന്നെ മറ്റൊരു ഫെറെൻക് പുസ്‌കാസായാണ് അറിയപ്പെടുന്നത്. ഇടക്ക് മധ്യനിരയിലും ചിലസമയങ്ങളിൽ വിങ്ങുകളിലും കാണപ്പെടുന്ന അവൻ ഒരു മികച്ച താരമാണ്. അവനു വേണമെങ്കിൽ ആർബി ലെയ്പ്സിഗിലേക്ക് പോവാം. എന്നാൽ പല യൂറോപ്യൻ വമ്പന്മാരും അവനു പിറകിലുണ്ട്. ഒപ്പം ബയേൺ മ്യുണിക്കും.” മതെയൂസ് പറഞ്ഞു.

പ്രീമിയർലീഗ് വമ്പന്മാരായ ആഴ്‌സണലും താരത്തിനായി രംഗത്തുണ്ട്. ലിയോണിന്റെ ഹോസം ഔവാറിനെ നഷ്ടപ്പെട്ടതോടെ പകരക്കാരനായി മൈക്കൽ അർട്ടേറ്റ ലക്ഷ്യമിടുന്ന താരമാണ് സോബോസ്ലായ്. ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനും താരത്തിനായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ നേഷൻസ് ലീഗിൽ തുർക്കിക്കെതിരായ നിർണായക മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഈ യുവപ്രതിഭ.