റാമോസിനെ സ്വന്തമാക്കാൻ ബെക്കാമിന്റെ ഇന്റർ മിയാമിയും, കരാർ പുതുക്കാത്തതിനാൽ വമ്പന്മാർ താരത്തിനു പിന്നാലെ

Image 3
FeaturedFootballLa Liga

റയൽ മാഡ്രിഡ്‌ പ്രതിരോധത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ക്യാപ്റ്റനായ സെർജിയോ റാമോസ്‌. ഈ സീസൺ അവസാനം വരെ കരാറുണ്ടെങ്കിലും കരാർ പുതുക്കാൻ റയൽ മാഡ്രിഡ്‌ ഇതുവരെയും തയ്യാറാവാത്തത് താരത്തിനു പിന്നാലെ വമ്പന്മാരെ ആകർഷിച്ചിരിക്കുകയാണ്. അതിൽ പുതിയ കണ്ണിയായി മുൻ റയൽ മാഡ്രിഡ്‌ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയും രംഗത്തെത്തിയിരിക്കുകയാണ്.

ഡേവിഡ് ബെക്കാമിന്റെ സഹപങ്കാളിത്തമുള്ള  അമേരിക്കൻ ക്ലബ്ബാണ് ഇന്റർ മിയാമി. 2007 വരെ റാമോസിന്റെ സഹതാരമായിരുന്ന ബെക്കാം പിന്നീട് മേജർ സോക്കർ ലീഗ് ക്ലബ്ബായ ലാ ഗാലക്സിയിലേക്ക് ചേക്കേറുകയായിരുന്നു. റാമോസിനെ  കുറേ കാലമായി ബെക്കാം നോട്ടമിട്ടു വെച്ചിരുന്ന താരമാണ്. റാമോസ് റയൽ വിടുകയാണെങ്കിൽ താരവുമായുള്ള ബന്ധം ഉപയോഗിച്ച് അമേരിക്കൻ ലീഗിലേക്ക് കൊണ്ടുവരാനാകുമെന്നാണ് ബെക്കാം പ്രതീക്ഷിക്കുന്നത്.

റയലിനായി ഇപ്പോഴും മികച്ച പ്രകടനമാണ് ഈ മുപ്പത്തിനാലുകാരൻ നടത്തുന്നത്. അടുത്തിടെ ഇന്ററുമായി നടന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ തന്റെ മാഡ്രിഡ് കരിയറിലെ നൂറാംഗോൾ കണ്ടെത്താൻ റാമോസിന് സാധിച്ചിരുന്നു. ഒപ്പം റാമോസ് എപ്പോഴും റയലിൽ തന്നെ കാണാനാണ് തന്റെ ആഗ്രഹമെന്നു സിദാനും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

റയൽ മാഡ്രിഡിലെ താരത്തിന്റെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് റാമോസിനെ ഇന്റർ മിയാമിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ് ബെക്കാം. നിലവിലെ സ്ഥിതിഗതികളനുസരിച്ച് മികച്ച ഒരു സെന്റർബാക്കിനെ കണ്ടെത്തുന്നതിനു പകരം രണ്ടു വർഷത്തേക്കു കൂടി താരത്തെ റയൽ മാഡ്രിഡ്‌ നിലനിർത്താനാണ് സാധ്യത കാണുന്നത്. അതിനു ശേഷം താരത്തെ സ്വന്തമാക്കാനുള്ള ശ്രമവും ബെക്കാമിന്റെ പദ്ധതിയിലുണ്ട്.