കറുത്ത ബുധന്‍, ഒടുവില്‍ കുടുങ്ങി ആര്‍സിബി, നിര്‍ണ്ണായക നീക്കവുമായി ബംഗളൂരു പോലീസ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിജയഘോഷയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ബംഗളൂരു പോലീസ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി), കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസ്സിഎ), ഇവന്റ് മാനേജ്മന്റ് സ്ഥാപനമായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ക്കെതിരെ ബംഗളൂരു പോലീസ് സ്വമേധയാ കേസെടുത്തിരിക്കുകയാണ്.
ആര്‍സിബിയുടെ വിജയഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഡിഎന്‍എ എന്റര്‍ടൈന്‍മെന്റും, പരിപാടിയുടെ സംഘാടകര്‍ കെഎസ്സിഎയുമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സിഐഡി അന്വേഷണ സാധ്യതയും സര്‍ക്കാര്‍ നിലപാടും
സംഭവം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് (സിഐഡി) കൈമാറണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേര്‍ന്നു. ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങളുടെ നാള്‍വഴികള്‍, കെഎസ്സിഎ, ആര്‍സിബി ഫ്രാഞ്ചൈസി, ഇവന്റ് മാനേജ്മന്റ് കമ്പനി, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക് എന്നിവ വിശദമായി പരിശോധിക്കാനും യോഗത്തില്‍ ധാരണയായി. വീഴ്ച വരുത്തിയെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കൊലക്കുറ്റമടക്കം ചുമത്തി കേസ്
ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയെ സംബന്ധിച്ചുള്ള 105-ാം വകുപ്പും ഉള്‍പ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
അനുമതിയില്ലാതെ പരിപാടി; മുന്നറിയിപ്പുകള്‍ അവഗണിച്ചു
പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്, കെഎസ്സിഎ, ഡിഎന്‍എ നെറ്റ്വര്‍ക്ക്‌സ്, ആര്‍സിബി ഫ്രാഞ്ചൈസി എന്നിവര്‍ അനുമതിയില്ലാതെയാണ് പരിപാടിയുമായി മുന്നോട്ട് പോയതെന്നാണ്. പോലീസിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട്, മതിയായ സൗകര്യങ്ങളോ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ ഒരുക്കിയിരുന്നില്ലെന്നും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഡിയം ഗേറ്റുകളില്‍ സൗജന്യ പാസുകള്‍ ലഭ്യമാണെന്ന് ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആവര്‍ത്തിച്ച് അറിയിച്ചത് കൂടുതല്‍ ആരാധകരെത്താന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ലഭ്യമായ പരമാവധി പോലീസ് സേനയെ വിന്യസിച്ചിരുന്നതുകൊണ്ടാണ് കൂടുതല്‍ വലിയ ദുരന്തം ഒഴിവായതെന്നും വിലയിരുത്തപ്പെടുന്നു.
ജില്ലാ മജിസ്ട്രേറ്റിന്റെ അന്വേഷണം പുരോഗമിക്കുന്നു
എഫ്ഐആറിന് പുറമെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച ജില്ലാ മജിസ്ട്രേറ്റ് ജി ജഗദീശ, കെഎസ്സിഎ, ബെംഗളൂരു മെട്രോ, ആര്‍സിബി ഫ്രാഞ്ചൈസി എന്നിവര്‍ക്ക് നോട്ടീസ് അയക്കുമെന്നും അറിയിച്ചു. അദ്ദേഹം ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം സന്ദര്‍ശിക്കുകയും തിക്കും തിരക്കുമുണ്ടായ ഗേറ്റുകള്‍ പരിശോധിക്കുകയും ചെയ്തു.
‘ഞാന്‍ ഇന്ന് മുതല്‍ അന്വേഷണം ആരംഭിച്ചു,’ ജി ജഗദീശ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 15 ദിവസത്തിനകം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സംഭവം നടക്കുമ്പോഴുള്ള സിസിടിവി ദൃശ്യങ്ങളും മറ്റ് ദൃശ്യങ്ങളും വിശദമായി പരിശോധിക്കുമെന്നും, മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
ജൂണ്‍ 13ന് രാവിലെ 10.30നും ഉച്ചയ്ക്ക് 1.30നും ഇടയില്‍ പൊതുജനങ്ങള്‍ക്കും സംഭവത്തെക്കുറിച്ച് മൊഴി നല്‍കാമെന്ന് അദ്ദേഹം അറിയിച്ചു. ആര്‍സിബിയുടെ ഐപിഎല്‍ വിജയഘോഷയാത്രയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി അവരില്‍ നിന്നും മൊഴിയെടുക്കും.
വിജയാഘോഷം സര്‍ക്കാരിന്റെ ആവശ്യമല്ലായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി
വിജയാഘോഷങ്ങള്‍ക്കായി കളിക്കാരെ ബംഗളൂരുവിലേക്ക് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ഇന്ന് വ്യക്തമാക്കി.
‘റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഫ്രാഞ്ചൈസിയോടോ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനോടോ ഞങ്ങള്‍ ഇങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തിയിട്ടില്ല. അവരാണ് വിജയഘോഷ പരിപാടി സംഘടിപ്പിച്ചത്,’ പരമേശ്വര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ബെംഗളൂരു ടീമായതുകൊണ്ട് കളിക്കാരെ അനുമോദിക്കാനും ആഘോഷത്തില്‍ പങ്കുചേരാനും സര്‍ക്കാര്‍ ആഗ്രഹിച്ചു, അത്രമാത്രം.’
കെഎസ്സിഎയും ആര്‍സിബിയുമാണ് ടീമിനെ ആഘോഷങ്ങള്‍ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുവന്നതെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.
Article Summary
A suo moto case has been filed against Royal Challengers Bengaluru (RCB), the Karnataka State Cricket Association (KSCA), and event managers DNA Entertainment following a stampede during RCB's IPL victory celebrations in Bengaluru that resulted in 11 fatalities and numerous injuries. The police have invoked charges including culpable homicide under the Bharatiya Nyaya Sanhita. Preliminary investigations suggest the event proceeded without requisite permissions and lacked adequate crowd management despite police warnings, with RCB's social media posts about free passes allegedly worsening the situation. The state government is considering a CID probe, and a District Magistrate has commenced an independent investigation, due to report within 15 days. Karnataka's Home Minister clarified that the government did not initiate the celebration, which was organized by KSCA and RCB.
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.