പരാജിതന്റെ മറക്കാനാകാത്ത സെഞ്ച്വറി, എതിരാളികള്‍ പോലും അന്ന് കരഞ്ഞിട്ടുണ്ടാകും

Image 3
CricketCricket News

ധനേഷ് ദാമോദരന്‍

2006 മാര്‍ച്ച് 14 ന് വാണ്ടറേഴ്‌സില്‍ ഓസ്‌ട്രേലിയയെ പിന്തുടര്‍ന്ന് 438 ലെത്തി ക്രിക്കറ്റിലെ ലോകാത്ഭുതം സൃഷ്ടിച്ച് ദക്ഷിണാഫ്രിക്ക ചരിത്രം സൃഷ്ടിച്ചപ്പോള്‍ അതിലെ വീരനായകന്‍ 175 റണ്‍സെടുത്ത ഹെര്‍ഷല്‍ ഗിബ്‌സ് ആയിരുന്നു. ക്രിക്കറ്റ് ഉള്ളിടത്തോളം ഗിബ്‌സിന്റെ വീരഗാഥ വാഴ്ത്തപ്പെടും. എന്നാല്‍ അന്ന് ദക്ഷിണാഫ്രിക്ക ഒന്നോ രണ്ടോ റണ്‍സിന് തോറ്റിരുന്നെങ്കില്‍ ഗിബ്‌സിന്റെ ഇന്നിങ്ങ്‌സിന്റെ വിലയെന്താകുമായിരുന്നു എന്ന് ആരും ഓര്‍ത്തു കാണില്ല.

യാതൊരു സംശയവുമില്ല, ഓസ്‌ട്രേലിയക്കെതിരായ സച്ചിന്റെ 175 റണ്‍സിന്റെ ഒറ്റയാള്‍ പട്ടാളം പോലെ വാഴ്ത്തപ്പെടാതെ പോകുമായിരുന്നു ആ ഇതിഹാസ ഇന്നിങ്‌സും .

അതെ ലോകം എപ്പോഴും വിജയികളുടെ കൂടെയാണ്. വിജയിച്ചവന്റെ ഇന്നിങ്ങ്‌സ് വാഴ്ത്താനേ ചരിത്രത്തിന് താല്‍പര്യമുള്ളൂ. പരാജിതന്റെ ഇന്നിങ്‌സിനെ ആ ഒരു ദിവസം മാത്രമേ ചരിത്രം ഓര്‍ക്കൂ. അങ്ങനെ വിസ്മരിക്കപ്പെട്ട എത്രയോ പ്രകടനങ്ങള്‍ കാണാം .

1996 ലോകകപ്പില്‍ ഒരു മാര്‍ച്ച് 11 ന് ചെന്നൈ ചെപ്പോക്കില്‍ ഓസ്‌ട്രേലിയ- ന്യൂസിലണ്ട് രാത്രി പകല്‍ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അത്തരമൊരു ഇന്നിങ്‌സ് സംഭവിച്ചു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ഇന്നിങ്‌സ് കാഴ്ച വെച്ചിട്ടും കരിയറില്‍ തന്റെ ഒരേയൊരു സെഞ്ച്വറി പാഴായി പോകുന്നത് നോക്കി നില്‍ക്കാനായിരുന്നു ആ ദൗര്‍ഭാഗ്യവാന്റെ വിധി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആ മത്സരത്തില്‍ കരുത്തരായ ബാറ്റിങ് പടയും റീഫല്‍, മക്ഗ്രാത്ത് , ഫ്‌ലെമിങ് , ഷെയ്ന്‍ വോണ്‍ ഉള്‍പ്പെട്ട ബൗളിങ് നിരയേയും അതിജീവിച്ച് സെമി ഫൈനലില്‍ കടക്കാന്‍ ന്യൂസിലണ്ടിന് യാതൊരു സാധ്യതയും ക്രിക്കറ്റ് വിദഗ്ധര്‍ കല്‍പിച്ചിരുന്നില്ല. കിവീസിന്റെ മുഴുവന്‍ പ്രതീക്ഷയുമായ നാതന്‍ ആസ്റ്റ്‌ലെ സ്‌കോര്‍ 15 ലെത്തിയപ്പോള്‍ പുറത്തായതിനു പിന്നാലെ സ്പിയര്‍മാനും അവരുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും മടങ്ങിയതോടെ ന്യുസിലണ്ടിന്റെ പോരാട്ടം അവസാനിച്ചു എന്നുറപ്പിച്ചതായിരുന്നു.

അന്ന് പതിവിന് വിപരീതമായി വലിയ ബാറ്റിങ്ങ് മികവൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ലീ ജര്‍മന്‍ വണ്‍ ഡൗണ്‍ പൊസിഷനിലായിരുന്നു ഇറങ്ങിയത്. ക്യാപ്റ്റനൊപ്പം ഓള്‍റൗണ്ടര്‍ ക്രിസ് ഹാരിസ് ഒത്തു ചേര്‍ന്നതോടെ കളിയുടെ ഗതി മാറി. ഇരുവരും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ബോര്‍ഡില്‍ റണ്ണൊഴുകന്‍ തുടങ്ങി. അപാര ടൈമിംഗ് പ്രദര്‍ശിപ്പിച്ച ഹാരിസ് പുള്‍ ഷോട്ടുകളും സ്വീപ് ഷോട്ടുകളുമായി കളം നിറഞ്ഞു. 4ാം വിക്കറ്റില്‍ പാളയത്തിലേക്ക് പട നയിച്ച ഇരുവരും 15 ഓവറില്‍ 100 കടത്തി. ബൗളര്‍മാര്‍ ഗതി കിട്ടാതെ അലഞ്ഞു.3 3 ഓവറില്‍ സ്‌കോര്‍ 200 കടന്നതോടെ ന്യൂസിലണ്ട് 300 കടക്കും എന്നുറപ്പിച്ചു.

മനോഹരമായി കളിച്ച ലീ ജര്‍മന്‍ 96 പന്തില്‍ 89 റണ്ണടിച്ച് പുറത്താകുമ്പോള്‍ സ്‌കോര്‍ 212. അതിനകം ജര്‍മനും ഹാരിസും കൂട്ടിച്ചേര്‍ത്തത് 162 പന്തില്‍ 168. പിന്നാലെ റോജര്‍ ട്വോസും പറോറിയും പുറത്തായെങ്കിലും ഹാരിസ് പോരാട്ടം തുടരുന്നു. 38.4 ഓവറില്‍ സ്‌കോര്‍ 226 ല്‍ നില്‍ക്കെ ഹാരിസ് 96 പന്തില്‍ 100 തികച്ച് ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ സെഞ്ച്വറി അടിച്ച ആദ്യ ന്യൂസിലണ്ടുകാരനായി. ഒടുവില്‍ 48.5 മം ഓവറില്‍ പുറത്താകുമ്പോള്‍ ഹാരിസ് നേടിയത് 124 പന്തില്‍ 130 റണ്‍സ് .

സമാനതകളില്ലാത്ത ഹാരിസിന്റെ പ്രകടനത്തെ 13 ഫോറുകളും 4 സിക്‌സറുകളും അലങ്കരിച്ചു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ഇന്നിങ്‌സ് കളിച്ച ഹാരിസ് ന്യുസിലണ്ടിന് നേടിക്കൊടുത്തത് 286 റണ്‍സ് എന്ന വിജയം ഉറപ്പിച്ച ഒരു സ്‌കോര്‍.

 

മറുപടി ബാറ്റിങ്ങില്‍ സ്‌കോര്‍ 19 ല്‍ വെച്ച് നായകന്‍ ടെയ്‌ലറെയും 84 ല്‍ വെച്ച് യുവ വാഗ്ദാനം റിക്കി പോണ്ടിങ്ങിനെയും നഷ്ടപ്പെട്ടതോടെ ഓസീസ് പരാജയത്തിലേക്കെന്നു തോന്നിച്ചു. സ്‌കോറിങിന് വേഗം കൂട്ടാന്‍ അപ്രതീക്ഷിത നീക്കത്തിലൂടെ എത്തിയ ഷെയ്ന്‍ വോണിന്റെ 14 പന്തില്‍ നേടിയ 24 റണ്‍ നിര്‍ണായകമായി. ടൂര്‍ണമെന്റ്ല്‍ അസാധ്യ ഫോമില്‍ ഉണ്ടായിരുന്ന മാര്‍ക് വോ ഒരറ്റത്ത് പിടിച്ചു നിന്നതോടെ ഓസീസ് ലക്ഷ്യത്തിലേക്ക് മുന്നേറി.

112 പന്തില്‍ 6 ഫോറുകളും 2 സിക്‌സറുകളും പറത്തി 110 റണ്‍സടിച്ച് ഒരു ലോകകപ്പില്‍ 3 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് സൃഷ്ടിച്ച് മാര്‍ക് വോ മടങ്ങുമ്പോള്‍ സ്‌കോര്‍ 213/4. മാര്‍ക്കിന്റെ ഇരട്ട സഹോദരന്‍ സ്റ്റീവ് വോ 59 ഉം സ്റ്റുവര്‍ട്ട് ലോ 42 ഉം റണ്ണടിച്ച് പുറത്താകാതെ നിന്നതോടെ 47.5 ഓവറില്‍ ഓസീസ് 6 വിക്കറ്റിന് പോരാട്ടം ജയിച്ചപ്പോള്‍ ലോക ക്രിക്കറ്റിലും ന്യുസിലണ്ട് ചരിത്രത്തിലും അടയാളപ്പെടുത്തുമായിരുന്ന ഹാരിസിന്റെ സെഞ്ച്വറി ഇന്നിങ്ങ്‌സ് പാഴായി. അന്ന് കളി ജയിച്ചാല്‍ ദേശീയ ഹീറോ ആയി നിറഞ്ഞ് പുഞ്ചിരിക്കേണ്ട ഹാരിസിന് കണ്ണുനീര്‍ പൊഴിക്കാനായിരുന്നു വിധി.

ഏകദിന ക്രിക്കറ്റില്‍ നാലായിരത്തിലധികം റണ്‍സും 200 ലധികം വിക്കറ്റുമെടുത്ത ക്രിസ് ഹാരിസ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും അണ്ടര്‍ റേറ്റഡ് ഓള്‍റൗണ്ടര്‍ ആയാണ് വിലയിരുത്തപ്പെടുന്നത്. 1992 മുതല്‍ 2004 വരെ ന്യുസിലണ്ട് ടീമില്‍ കളിച്ച ഹാരിസ് 150 ,200 ,250 ഏകദിനങ്ങള്‍ കളിച്ച ആദ്യത്തെയും 200 വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യത്തെയും ന്യൂസിലണ്ടുകാരനാണ് .

തന്റെ കൗശലം നിറഞ്ഞ മീഡിയം പേസ് ബൗളിങിലൂടെ റണ്‍ വിട്ടു കൊടുക്കാത്ത പിശുക്കന്‍ ബൗളിങും മിഡില്‍ ഓര്‍ഡറിലും ലോവര്‍ ഓര്‍ഡറിലും ഇറങ്ങി തകര്‍ച്ചകള്‍ക്കിടയില്‍ നിര്‍ണ്ണായക ഇന്നിങ്ങ്‌സുകള്‍ കാഴ്ച വെച്ച് ശ്രദ്ധേയനായ ഹാരിസ് ന്യൂസിലണ്ടിന്റെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍ കൂടിയാണ് .

കൃത്യതയര്‍ന്ന ത്രോ കളിലൂടെ റണ്ണൗട്ടുകള്‍ സൃഷ്ടിക്കുന്നതില്‍ വിദഗ്ദനായ ഹാരിസിന്റെ സ്വന്തം ബൗളിങില്‍ ക്യാച്ചെടുക്കുന്നതിലുള്ള മിടുക്ക് സമാനതകളില്ലാത്തതായിരുന്നു. ആ മേഖലയിലുള്ള ഹാരിസിന്റെ റെക്കോര്‍ഡുകള്‍ അതിശയപ്പെടുത്തുന്നതാണ്.

ഏകദിന ക്രിക്കറ്റില്‍ നമ്പര്‍ ഏഴ് പൊസിഷനില്‍ ഏറ്റവുമധികം റണ്‍സ് എന്ന റെക്കോര്‍ഡ് ഇന്നും കാത്തു സൂക്ഷിക്കുന്ന, എന്നും പുഞ്ചിരിക്കുന്ന, ആരാലും വെറുക്കപ്പെടാത്ത ന്യൂസിലണ്ടിന്റെ സൗമ്യ മുഖം ക്രിസ് ഹാരിസിന്റെ ചെന്നൈയിലെ ആ സന്ധ്യയിലെ പാഴായ സെഞ്ച്വറി കടുത്ത ഓസീസ് ആരാധകരെ പോലും വേദനിപ്പിച്ചിട്ടുണ്ടാകാം.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്