കൂട്ടീഞ്ഞോ പ്രീമിയർ ലീഗ് ക്ലബിലേക്കുള്ള ട്രാൻസ്ഫറിന് തൊട്ടടുത്തെത്തിയിരുന്നു, തടസ്സമായത് കൂമാന്റെ വരവെന്നു റിപ്പോർട്ടുകൾ
ബയേണിനായി മികച്ച പ്രകടനം കാഴ്ചവെച്ചു പഴയ ഫോമിലേക്ക് തിരിച്ചു വന്ന ബ്രസീലിയൻ സൂപ്പർതാരം ഫിലിപ്പെ കൂട്ടീഞ്ഞോയെ ലോണിനു ശേഷം ബാഴ്‌സയിലേക്ക് തന്നെ തിരിച്ചു വിളിച്ചിരിക്കുകയാണ്. ബാഴ്സയിലെ ആദ്യ സീസണിൽ മോശം പ്രകടനം കാഴ്ച വെച്ചു ബയേണിലേക്ക് ലോണിൽ പോയ കൂട്ടീഞ്ഞോ വലിയ മാറ്റത്തോടെയാണ് ബാഴ്‌സയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
ഇതിനകം തന്നെ നാലു മത്സരങ്ങളിൽ നിന്നായി 2 ഗോളുകൾ നേടിയ കൂട്ടീഞ്ഞോ കൂമാന്റെ ബാഴ്സയിലെ അവിഭാജ്യഘടകമാണ്. ഇന്നു നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോയിൽ കൗട്ടീഞ്ഞോയെ സ്റ്റാർട്ട് ചെയ്യിക്കാനാണ് കൂമാന്റെ തീരുമാനം. ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൂവിൽ വെച്ചു ഇന്ത്യൻ സമയം വൈകുന്നേരം 7:30 ക്കാണ് ക്ലാസിക്കോ അരങ്ങേറുക.
Barça coach Koeman stopped Coutinho's move to Arsenal in summer https://t.co/JZkBnKhSek
— SPORT English (@Sport_EN) October 23, 2020
ബയേണിലെ ലോൺ കരാറിനു ശേഷം കൂട്ടീഞ്ഞോ ബാഴ്സ വിടാനൊരുങ്ങി നിൽക്കുകയായിരുന്നു. ഇംഗ്ലീഷ് മാധ്യമമായ സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആഴ്സണലിലേക്കുള്ള ട്രാൻസ്ഫറിന് തൊട്ടടുത്തു വരെയെത്തി നിൽക്കുന്ന സമയത്താണ് പുതിയതായി പരിശീലകനായെത്തിയ കൂമാൻ കൂട്ടീഞ്ഞോയെ തിരിച്ചു വിളിക്കുന്നത്. കൂമാന്റെ പദ്ധതികളിൽ തനിക്ക് പ്രാധാന്യമുണ്ടെന്നു തിരിച്ചറിഞ്ഞ കൂട്ടീഞ്ഞോ ബാഴ്‌സയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന ക്ലബ്ബിനു കൂട്ടീഞ്ഞോക്കു പകരക്കാരനെ കണ്ടെത്തുക വലിയ ബുദ്ദിമുട്ടാവുമെന്ന വാദം മുന്നോട്ടു വെക്കുകയായിരുന്നു. കൂമാനു കീഴിൽ ബാഴ്സയിലെ ഈ രണ്ടാം അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് കൂട്ടീഞ്ഞോ. സീസണിൽ ഇതുവരെ ആ നീക്കം വിജയിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. കൂമാന്റെ ബാഴ്സയിലെ പ്രധാനതാരമായി മാറിയ കൂട്ടീഞ്ഞോ എൽക്ലാസിക്കോക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണിപ്പോൾ.