‘ദൗത്യം പൂര്‍ത്തിയായി’ ഒരു കൊച്ചു കുട്ടിയെ പോലെ വിതുമ്പി റൊണാള്‍ഡോ

Image 3
FeaturedFootballFootball News

മ്യൂണിക്കിലെ പുല്‍മൈതാനത്ത് യൂറോ 2016 ഫൈനലിന്റെ ഓര്‍മ്മകള്‍ അലയടിച്ചു. പരിക്കേറ്റ് പുറത്തിരുന്ന്, നിര്‍ണായക നിമിഷങ്ങള്‍ക്കായി നെഞ്ചുരുകി പ്രാര്‍ത്ഥിച്ച നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണുകള്‍ ഒരിക്കല്‍ കൂടി സന്തോഷം കൊണ്ട് നിറഞ്ഞു. യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍, ചിരവൈരികളായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് പോര്‍ച്ചുഗല്‍ കിരീടത്തില്‍ മുത്തമിടുമ്പോള്‍, 40-കാരനായ ഇതിഹാസതാരം ഒരു കുട്ടിയെപ്പോലെ വിതുമ്പുകയായിരുന്നു. ‘ദൗത്യം പൂര്‍ത്തിയായി,’ വിജയത്തിന് ശേഷം കണ്ണീരോടെ റൊണാള്‍ഡോ പറഞ്ഞു.

സമനില ഗോളും കണ്ണീരില്‍ കുതിര്‍ന്ന വിജയവും

മത്സരത്തിലുടനീളം ആവേശം അണപൊട്ടി. സ്‌പെയിന്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയുടെയും മൈക്കല്‍ ഒയര്‍സബാളിന്റെയും ഗോളുകളിലൂടെ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍, 26-ാം മിനിറ്റില്‍ നൂനോ മെന്‍ഡസിലൂടെ പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ മടക്കി. എന്നാല്‍ സ്‌പെയിന്‍ പിടിമുറുക്കിയ ഘട്ടത്തിലാണ് നായകന്റെ അവതാരപ്പിറവി. 61-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വെച്ച് മെന്‍ഡസിന്റെ ഷോട്ട് സ്പാനിഷ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ അവസരം മുതലെടുത്ത റൊണാള്‍ഡോ, തകര്‍പ്പനൊരു ഷോട്ടിലൂടെ പന്ത് വലയിലാക്കി. തന്റെ 138-ാം അന്താരാഷ്ട്ര ഗോളിലൂടെ പോര്‍ച്ചുഗലിനെ ഒപ്പമെത്തിച്ച റൊണാള്‍ഡോ ടീമിന് പുതുജീവന്‍ നല്‍കി.

എന്നാല്‍, 90 മിനിറ്റ് പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പേശിവലിവ് കാരണം റൊണാള്‍ഡോയ്ക്ക് കളം വിടേണ്ടി വന്നു. അധിക സമയത്തും ഗോള്‍ പിറക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. സൈഡ് ബെഞ്ചിലിരുന്ന് നഖം കടിച്ച് ഓരോ കിക്കും കണ്ട റൊണാള്‍ഡോയുടെ മുഖത്ത് പിരിമുറുക്കം വ്യക്തമായിരുന്നു. സ്‌പെയിനിനായി അല്‍വാരോ മൊറാറ്റയുടെ കിക്ക് പാഴായപ്പോള്‍, റൂബന്‍ നെവസ് പോര്‍ച്ചുഗലിനായി അഞ്ചാം കിക്ക് വലയിലെത്തിച്ചതോടെ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. സഹതാരങ്ങള്‍ വിജയമാഘോഷിക്കാന്‍ ഓടുമ്പോള്‍, റൊണാള്‍ഡോയുടെ കണ്ണുകള്‍ ധാരയായി ഒഴുകി.

‘രാജ്യത്തിനായി എന്റെ കാല്‍ ഒടിഞ്ഞാലും കളിക്കുമായിരുന്നു’

വിജയത്തിന് ശേഷം റൊണാള്‍ഡോയുടെ വാക്കുകളില്‍ രാജ്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം നിറഞ്ഞുനിന്നു. ‘എന്റെ ക്ലബ്ബുകള്‍ക്കൊപ്പം ഞാന്‍ ഒരുപാട് കിരീടങ്ങള്‍ നേടിയിട്ടുണ്ട്, പക്ഷേ പോര്‍ച്ചുഗലിനായി നേടുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല,’ അദ്ദേഹം പറഞ്ഞു. ‘ഇത് സന്തോഷത്തിന്റെ കണ്ണീരാണ്. ഇതൊരു വലിയ ദൗത്യമായിരുന്നു, അത് ഞങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.’

മത്സരത്തിന് മുമ്പുതന്നെ തനിക്ക് പേശിവലിവിന്റെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും റൊണാള്‍ഡോ വെളിപ്പെടുത്തി. ‘വാംഅപ്പിനിടെ തന്നെ എനിക്കത് അനുഭവപ്പെട്ടിരുന്നു. കുറച്ചുകാലമായി ഈ വേദനയുണ്ട്. പക്ഷെ ഇത് ദേശീയ ടീമിന് വേണ്ടിയുള്ള പോരാട്ടമാണ്. ഈ കിരീടത്തിനായി എന്റെ കാല്‍ ഒടിയേണ്ടി വന്നാലും ഞാന്‍ കളിക്കുമായിരുന്നു. എന്റെ സര്‍വ്വവും ഞാന്‍ നല്‍കി,’ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

സുവര്‍ണ്ണ തലമുറയുടെ കിരീടനേട്ടം

യൂറോ 2016, നേഷന്‍സ് ലീഗ് 2019 എന്നിവയ്ക്ക് ശേഷം പോര്‍ച്ചുഗലിന്റെ പ്രധാനപ്പെട്ട മറ്റൊരു കിരീടമാണിത്. ‘ഈ തലമുറ ഇങ്ങനെയൊരു കിരീടം അര്‍ഹിച്ചിരുന്നു. എന്റെ കുടുംബത്തിനും കുട്ടികള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയാണിത്,’ റൊണാള്‍ഡോ പറഞ്ഞു. സെമി ഫൈനലില്‍ ജര്‍മ്മനിക്കെതിരെ വിജയഗോള്‍ നേടിയതും റൊണാള്‍ഡോയായിരുന്നു. ടൂര്‍ണമെന്റില്‍ എട്ട് ഗോളുകളുമായി അദ്ദേഹം ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതെത്തി.

തന്റെ കരിയര്‍ അവസാനത്തോട് അടുക്കുകയാണെന്ന് സമ്മതിച്ചെങ്കിലും, ഗുരുതരമായ പരിക്കുകള്‍ അലട്ടിയില്ലെങ്കില്‍ കളി തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ‘എനിക്ക് എത്ര വയസ്സായെന്ന് നിങ്ങള്‍ക്കറിയാമല്ലോ. തുടക്കത്തേക്കാള്‍ ഒടുക്കത്തോടാണ് ഞാനിപ്പോള്‍ അടുത്ത് നില്‍ക്കുന്നത്. എങ്കിലും ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റില്ലെങ്കില്‍ ഞാന്‍ കളി തുടരും,’ ഇതിഹാസ താരം വ്യക്തമാക്കി.

Article Summary

An emotional Cristiano Ronaldo was left in tears of joy after an injured-plagued performance, as he watched Portugal defeat arch-rivals Spain 5-3 on penalties to win the UEFA Nations League final. Before being substituted due to a muscle injury just before the 90th minute, the 40-year-old captain played a crucial role by scoring the equalizing goal in the 61st minute, his 138th for his country. The article highlights Ronaldo's immense dedication, quoting his powerful words that winning for Portugal is the ultimate honor and that he would have played "even with a broken leg" for the nation. Watching the tense shootout from the sidelines, his emotional reaction at the moment of victory was reminiscent of the Euro 2016 final. This victory marks Portugal's third major international trophy, with Ronaldo finishing the tournament as the second-highest scorer with eight goals.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in