മുപ്പതു മത്സരങ്ങളിൽ 21 ക്ലീൻഷീറ്റ്, അർജന്റീനയുടെ ഭാഗ്യമാണ് എമിലിയാനോ മാർട്ടിനസ്

Image 3
International

എമിലിയാനോ മാർട്ടിനാസും അർജന്റീനയുടെ കിരീടനേട്ടങ്ങളും തമ്മിൽ വലിയൊരു ബന്ധമുണ്ടെന്ന് ആരാധകർക്കെല്ലാം അറിയാവുന്ന കാര്യമാണ്. താരം ടീമിലെത്തിയതിനു ശേഷമാണ് അർജന്റീന ഒന്നിനു പുറകെ ഒന്നായി മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയത്. ഈ കിരീടനേട്ടങ്ങളിലെല്ലാം നിർണായകമായ പങ്കാണ് അർജന്റീന താരം വഹിച്ചത്.

2021 കോപ്പ അമേരിക്കക്കു മുൻപാണ് എമിലിയാനോ മാർട്ടിനസ് അർജന്റീന ടീമിൽ ആദ്യമായി ഒരു മത്സരം കളിക്കുന്നത്. അതിനു പിന്നാലെ കോപ്പ അമേരിക്ക ടീമിൽ ഇടം നേടിയ താരം അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകുന്നതിൽ നിർണായകമായ പങ്കു വഹിച്ചു. അതിനു ശേഷം 2022ൽ ഫൈനലൈസിമ, ലോകകപ്പ് എന്നീ കിരീടങ്ങളും അർജന്റീനക്കായി എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കുകയുണ്ടായി.

അർജന്റീന ടീമിന് വേണ്ടി ഇതുവരെ മുപ്പതു മത്സരങ്ങൾ കളിച്ച എമിലിയാനോ മാർട്ടിനസിന്റെ പ്രകടനമികവ് അത്ഭുതപ്പെടുത്തുന്നതാണ്. മുപ്പതു മത്സരങ്ങളിൽ 21 മത്സരങ്ങളിലും ഗോൾ വഴങ്ങാതെ വല കാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സൗദി അറേബ്യക്കെതിരെ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ തോൽവി നേരിട്ടത് മാറ്റി നിർത്തിയാൽ മറ്റൊരു മത്സരത്തിലും താരം തോൽവി വഴങ്ങിയിട്ടില്ല.

ഇത്രയും മത്സരങ്ങൾ അർജന്റീന ടീമിൽ കളിച്ച താരം പതിമൂന്നു ഗോളുകൾ മാത്രമാണ് ഇതുവരെ വഴങ്ങിയിരിക്കുന്നത്. ടീമിനായി ഏഴു പെനാൽറ്റി സേവുകൾ നടത്തിയ താരം മൂന്നു കിരീടങ്ങളും സ്വന്തമാക്കി. അർജന്റീനയെ സംബന്ധിച്ച് ഒരു ഭാഗ്യതാരമാണ് എമിലിയാനോ മാർട്ടിനസ് എന്നു തെളിയിക്കാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in