ചാമ്പ്യൻസ്‌ലീഗ് നേടാൻ മെസിയെയല്ല വേണ്ടത്, പിഎസ്‌ജി ശ്രമിക്കേണ്ട സൂപ്പർതാരത്തെ ചൂണ്ടികാണിച്ചു മുൻ താരം
കഴിഞ്ഞ സമ്മറിൽ ബാഴ്സലോണ വിടാൻ ശ്രമിച്ച സൂപ്പർതാരമാണ് ലയണൽ മെസി. മെസി ബാഴ്സ വിടണമെന്ന് അറിയിച്ചതോടെ പല യൂറോപ്യൻ വമ്പൻമാരെയും മെസിയുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു. മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും പിഎസ്ജിയുമടക്കമുള്ള വമ്പന്മാരാണ് താരത്തിനു പിന്നാലെയുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്.
ഇങ്ങനെയൊക്കെയാണ് സ്ഥിതിവിശേഷങ്ങളെങ്കിലും പിഎസ്‌ജിക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ ആഗ്രഹമുണ്ടെങ്കിൽ മെസിയെയല്ല പകരം മറ്റൊരു താരത്തെയാണ് സ്വന്തമാക്കേണ്ടതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ പിഎസ്‌ജി താരമായിരുന്ന റാബെസാൻഡ്രറ്റാന. മെസിക്ക് പകരം ഫ്രഞ്ച് താരം എൻഗോളൊ കാന്റെയെയാണ് പിഎസ്‌ജി സ്വന്തമാക്കേണ്ടതെന്നാണ് റാബെസാൻഡ്രറ്റാനയുടെ പക്ഷം. 1997 മുതൽ 2001 വരെ പിഎസ്‌ജി താരമായിരുന്ന റാബെസാൻഡ്രറ്റാന ഫ്രഞ്ച് മാധ്യമമായ ഫ്രഞ്ച് ബ്ലൂവിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം മുന്നോട്ടു വെച്ചത്.
PSG need Kante not Messi to win Champions League, claims Rabesandratana https://t.co/xbswTs7T28 pic.twitter.com/3eSmSi76P7
— GOAL South Africa (@GOALcomSA) November 16, 2020
“ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ഞാനാണ് പിഎസ്‌ജിയുടെ തലവനെങ്കിൽ എൻഗോളൊ കാന്റെയെ വാങ്ങാൻ ബാങ്ക് തന്നെ കൊള്ളയടിക്കാൻ തയ്യാറാവും. ഇന്നലെ അവൻ ഏറ്റവും മികച്ച താരമായിരുന്നു(പോർച്ചുഗലിനെതിരെ). കാന്റെയാണ് പിഎസ്‌ജിക്ക് ചാമ്പ്യൻസ്‌ലീഗ് നേടിക്കൊടുത്തേക്കാവുന്ന കളിക്കാരൻ. ഞങ്ങൾക്കതിനു മെസിയോ മറ്റേതെങ്കിലും താരമോ ആവശ്യമില്ല.” റാബെസാൻഡ്രറ്റാന പറഞ്ഞു.
നാഷൻസ്‌ലീഗിൽ പോർട്ടുഗലിനെതിരായ നിർണായകമത്സരത്തിൽ ഒരു ഗോളിനു വിജയം സ്വന്തമാക്കി ഫ്രാൻസ് സെമിഫൈനലിനു യോഗ്യത നേടിയിരുന്നു. ഫ്രാൻസിനായുള്ള ആ ഏക ഗോൾ എൻഗോളൊ കാന്റെയുടെ വകയായിരുന്നു. നിലവിൽ ചെൽസിയുമായി 2023 വരെ താരത്തിനു കരാറുണ്ടെങ്കിലും ചെൽസിയിൽ ലാംപാർഡിനു കീഴിൽ താരം അസന്തുഷ്ടനാണെന്നുള്ള റിപ്പോർട്ടുകൾ ഉയർന്നു വന്നിരുന്നു. പിഎസ്‌ജി താരത്തിനു വേണ്ടി ശ്രമിക്കണമെന്നാണ് റാബെസാൻഡ്രറ്റാനയുടെ പക്ഷം.