ഐപിഎല്‍ കിരീടം വീണ്ടും മുംബൈ ഇന്ത്യന്‍സിന്, ഹിറ്റ്മാനെ തോല്‍പിക്കാനാകില്ല മക്കളെ

Image 3
CricketIPL

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലും കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്. ഇതോടെ അഞ്ച് ഐപിഎല്‍ കിരീടം സ്വന്തമാക്കി ചരിത്രമെഴുതിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത്ത് ശര്‍മ്മ.

ഡല്‍ഹി ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 7 പന്ത് ബാക്കിനില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് മുംബൈ മറികടന്നത്. മുംബൈയ്ക്കായി നായകന്‍ രോഹിത്ത് കാഴ്ച്ചവെച്ച തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് അവര്‍ക്ക് അനായാസ ജയം സമ്മാനിച്ചത്. രോഹിത്ത് 51 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 68 റണ്‍സെടുത്തു.

ഡികോക്ക് (20), യാദവ് (19), പൊള്ളാഡ് (9) ഹാര്‍ദ്ദിക്ക് (3) എന്നീ താരങ്ങളാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. 34 റണ്‍സുമായി ഇഷാന്‍ കിഷനും 1 റണ്‍സുമായി ക്രുനാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 156 റണ്‍സെടുത്തത്. നായകന്‍ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും സ്വന്തമാക്കിയ അര്‍ധ സെഞ്ച്വറിയാണ് ഡല്‍ഹിയ്ക്ക് തുണയായത്. ശ്രേയസ് അയ്യര്‍ 50 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ പന്ത് 38 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 56 റണ്‍സും സ്വന്തമാക്കി.

എന്നാല്‍ മറ്റാര്‍ക്കും ഡല്‍ഹി നിരയില്‍ തിളങ്ങാനാകാതെ പോയത് അവര്‍ക്ക് തിരിച്ചടിയായി, സ്‌റ്റോണ്‍സ് (0), ധവാന്‍ (15), രഹാന (2), ഹിറ്റ്‌മേയര്‍ (5), അക്‌സര്‍ (9), റബാഡ (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.