ഒരു ഗോള്‍കീപ്പറെ കൂടി സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു മലയാളി ഗോള്‍ കീപ്പര്‍ കൂടി. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 20 താരം സച്ചിന്‍ സുരേഷിനെയാണ് ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ്വ് ടീമിലായിരിക്കും സച്ചിന്‍ ആദ്യ ഘട്ടത്തില്‍ കളിക്കുക.

സ്‌പെയിനില്‍ നടക്കുന്ന അണ്ടര്‍ 19 രാജ്യാന്തര ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോളിയായതോടെയാണ് മുന്‍ സെപ്റ്റ് താരം കൂടിയായ സച്ചിന്‍ സുരേഷ് ശ്രദ്ധേയനാകുന്നത്. സെപ്റ്റ് പറപ്പൂര്‍ സെന്ററില്‍നിന്നു കളി പഠിച്ച സച്ചിന്‍ ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു തുടര്‍പഠനവും പരിശീലനവും. തൃശൂര്‍ സ്വദേശിയാണ്.

തൃശൂര്‍ ക്ലബായ എഫ് സി കേരളയുടെ താരമായിരുന്നു സച്ചിന്‍ സുരേഷ്. മുമ്പ് ഇന്ത്യന്‍ അണ്ടര്‍ 14 ടീമിനു വേണ്ടിയും സച്ചിന്‍ സുരേഷ് കളിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള വര്‍മ്മ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ് സച്ചിന്‍. കഴിഞ്ഞ വര്‍ഷത്തെ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിലും സച്ചിന്‍ ഇടംപിടിച്ചിരുന്നു.

കഴിവ് തെളിക്കാനായാല്‍ സച്ചിന്‍ ഉടന്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിലേക്ക് പ്രെമോട്ട് ചെയ്യപ്പെടും. അങ്ങനെയെങ്കില്‍ ടിപി രഹ്നേഷിന് ശേഷം ബ്ലാസ്റ്റേഴ്‌സ് വല കാക്കുന്ന മലയാളി താരമായി സച്ചിന്‍ സുരേഷ് മാറും.