ഓറഞ്ച് ക്യാപ്പ് ലഭിച്ചിട്ടും നാണംകെട്ട് രാഹുല്‍, ഇങ്ങനെയൊന്ന് സംഭവിക്കുന്നത് 3ാം തവണ
ഐപിഎല്‍ പതിമൂന്നാം സീസണില്‍ റണ്‍വേട്ട നടത്തി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടും കിംഗ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന് ടീമിനെ പ്ലേഓഫിലെത്തിക്കാനായില്ല, ഐപിഎല്‍ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഓറഞ്ച് ക്യാപ് നേടിയ ബാറ്റ്‌സ്മാനുള്ള ടീം പ്ലേ ഓഫിലെത്താതെ പുറത്താവുന്നത്.
ആരും കൊതിക്കുന്ന ഫോമിലായിരുന്നു ഇത്തവണ പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. 14 കളിയില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഉള്‍പ്പടെ 670 റണ്‍സ് ആണ രാഹുല്‍ സ്വന്തമാക്കിയത് പക്ഷേ പഞ്ചാബിനെ പ്ലേ ഓഫ് കടമ്പ കടത്താന്‍ രാഹുലിനായില്ല.

സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ ടീമിലുണ്ടായിട്ടും ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. 2013ല്‍ ക്രിസ് ഗെയിലിന്റെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അഞ്ചും 2015ല്‍ ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആറും സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.
ഇത്തവണത്തെ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച ടീമില്‍ നിന്ന് മുംബൈയുടെ ക്വിന്റണ്‍ ഡി കോക്ക് മാത്രമാണുള്ളത് എന്നതാണ് മറ്റൊരു രസകരമായ സംഗതി. രണ്ടാം സ്ഥാനത്തുള്ള ശിഖര്‍ ധവാനേക്കാള്‍ 199 റണ്‍സ് മുന്നിലാണിപ്പോഴും പഞ്ചാബ് നായകന്‍. മൂന്നാം സ്ഥാനത്തുള്ള ഡുപ്ലെസിക്ക് 449 റണ്‍സാണുള്ളത്. ഡേവിഡ് വാര്‍ണറിന് 444ഉം ശുഭ്മാന്‍ ഗില്ലിന് 440ഉം റണ്‍സുണ്ട്. വിരാട് കോലി, മായങ്ക് അഗര്‍വാള്‍, മലയാളിതാരം ദേവ്ദത്ത് പടിക്കല്‍, ക്വിന്റണ്‍ ഡി കോക്ക്, ശ്രേയസ് അയ്യര്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.