കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങൾ ഞാൻ നൽകി, ഓസിലിന്റെ സാഹചര്യത്തെക്കുറിച്ച് അർട്ടേറ്റ പറയുന്നു.
ആഴ്സണലിൽ കളിക്കാൻ സാധിക്കാതെ വിഷമിക്കുന്ന സൂപ്പർതാരമാണ് മെസ്യൂട് ഓസിൽ. പരിശീലകനായ മൈക്കൽ അർട്ടെറ്റയുടെ കീഴിൽ ഇത്തവണ ആഴ്സണലിന്റെ പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും ചാമ്പ്യൻസ്‌ലീഗിൽ നിന്നും പുറത്തായതോടെ ഓസിലിന്റെ ആഴ്‌സണൽ കരിയറിന് വിരാമമായിരിക്കുകയാണ്. തന്നെ ആഴ്‌സണൽ പുറത്താക്കിയതിനെതിരെ ക്ലബ്ബിനോട് താൻ കാണിച്ച ആത്മാർഥത തിരിച്ചു കാണിച്ചില്ലെന്നും ഓസിൽ വിമർശനമുന്നയിച്ചിരുന്നു.
ഓസിലിനെപ്പോലുള്ള താരത്തെ കളിപ്പിക്കാൻ സാധിക്കാത്തത് പരിശീലകന്റെ കഴിവുകേടും തോൽവിയുമാണെന്ന് തുറന്നടിച്ചു താരത്തിന്റെ ഏജന്റായ ഡോക്ടർ ഏർകുട് സോഗുട്ടും രംഗത്തെത്തിയിരുന്നു.ഓസിലിനെ ഒഴിവാക്കുന്നതിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയതോടെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആഴ്‌സണൽ പരിശീലകനായ അർട്ടെറ്റ. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഓസിലിനെക്കുറിച്ച് സംസാരിച്ചത്.
Mikel Arteta insists he gave Mesut Ozil 'as many opportunities as I could' but claims his first-team exile is 'best for the club' https://t.co/yAd8gmcg21
— Mail Sport (@MailSport) October 30, 2020
“എനിക്ക് നിങ്ങളോട് പറയാനുള്ളത് ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്നു തന്നെയാണ്. ഞാൻ അവനു എന്നാൽ കഴിയുന്ന നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ട്. എന്റെ ഭാഗത്തു നിന്നും പറയുകയാണെങ്കിൽ ഞാൻ അവന്റെ കാര്യത്തിൽ ക്ഷമ കാണിക്കുകയും അവസരങ്ങൾ നൽകുകയും ന്യായമായ രീതിയിൽ തന്നെയാണ് എല്ലാം ചെയ്തിട്ടുള്ളത്.”
” കഴിഞ്ഞ കുറേ സീസണുകളിലായി ഈ ക്ലബ്ബിന്റെ പ്രധാനതാരങ്ങളിലൊന്നു തന്നെയായിരുന്നു അവൻ. ഞാൻ അത് ബഹുമാനിക്കുന്നുണ്ട്. ടീമിനും ക്ലബ്ബിനും നല്ലതെന്നു തോന്നുന്ന തീരുമാനങ്ങളാണ് ഞാൻ എടുക്കാറുള്ളത്. അതാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നതെങ്കിലും ആളുകൾ എപ്പോഴും കാരണങ്ങളും ശരിയായ ഉത്തരങ്ങളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞാനിവിടെ എന്റേത് നൽകിക്കഴിഞ്ഞു. അവർ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്താലും ഇല്ലെങ്കിലും കൂടുതലൊന്നും എനിക്ക് ചെയ്യാനില്ല. എങ്കിലും എന്റെ ഹൃദയത്തിനും ബുദ്ധിക്കും നല്ലതെന്നു തോന്നുന്ന തീരുമാനങ്ങൾ എനിക്ക് എടുക്കേണ്ടതുണ്ട്.” അർട്ടെറ്റ വ്യക്തമാക്കി.