നാലാം നമ്പര്‍ സീല്‍ ചെയ്ത് മലയാളി താരം, ഞെട്ടിച്ച് രാഹുല്‍, നിരാശപ്പെടുത്തി ഓള്‍റൗണ്ടര്‍മാര്‍

Image 3
CricketCricket NewsFeatured

ഇംഗ്ലണ്ടിനെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിലെത്താന്‍ കൊതിക്കുന്ന താരങ്ങള്‍ക്ക് അവസാനവട്ട പരീക്ഷണ വേദിയായി മാറിയ ഇന്ത്യ ‘എ’ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ അവസാനിച്ചു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് ചതുര്‍ദിന മത്സരങ്ങളും സമനിലയില്‍ പിരിഞ്ഞെങ്കിലും, ഫലത്തേക്കാളുപരി ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമായിരുന്നു ഏവരും ഉറ്റുനോക്കിയത്.

ജൂണ്‍ 20-ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഏഴ് പ്രധാന താരങ്ങള്‍ ‘എ’ ടീമില്‍ നിന്ന് സീനിയര്‍ ടീമിനൊപ്പം ചേര്‍ന്നു. കരുണ്‍ നായര്‍, യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, അഭിമന്യു ഈശ്വരന്‍, നിതീഷ് റെഡ്ഡി, ധ്രുവ് ജൂറല്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് സീനിയര്‍ ടീമിലേക്ക് എത്തിയത്. ഇംഗ്ലണ്ടിലെ കടുപ്പമേറിയ സാഹചര്യങ്ങളില്‍ ഈ താരങ്ങള്‍ നടത്തിയ പ്രകടനം ടീം സെലക്ഷനില്‍ നിര്‍ണായകമാകും. അവരുടെ പ്രകടനങ്ങളെ നമുക്കൊന്ന് വിലയിരുത്താം.

നാലാം നമ്പറില്‍ കരുത്തോടെ കരുണ്‍ നായര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നിനാണ് കരുണ്‍ നായര്‍ ഒരുങ്ങുന്നത്. എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുന്ന കരുണ്‍, വിരാട് കോലി വിരമിച്ചതോടെ ഒഴിഞ്ഞുപോയ നിര്‍ണായകമായ നാലാം നമ്പര്‍ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ റെക്കോര്‍ഡ് പ്രകടനമാണ് കരുണിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്.

സെലക്ടര്‍മാരുടെ വിശ്വാസം കാത്ത കരുണ്‍, ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യ മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് ഇരട്ട സെഞ്ച്വറി (203) നേടി വരവറിയിച്ചു. രണ്ടാം മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങി 40, 15 എന്നിങ്ങനെ സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിനായി. രണ്ട് മത്സരങ്ങളില്‍ നിന്നായി 259 റണ്‍സ് നേടിയ കരുണിന്റെ പ്രകടനം നാലാം നമ്പറില്‍ മറ്റൊരാളെ പരീക്ഷിക്കേണ്ടതില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.

രാഹുലിന്റെ മടങ്ങിവരവ് ടീമിന് മുതല്‍ക്കൂട്ട്; ജയ്സ്വാളിന് ആശങ്ക

പരിക്കിന്റെയും ഫോമില്ലായ്മയുടെയും പിടിയിലായിരുന്ന കെ.എല്‍. രാഹുലിന്റെ പ്രകടനം ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഐപിഎല്‍ സീസണ്‍ നേരത്തെ അവസാനിച്ചതിനെ തുടര്‍ന്ന്, സ്വയം ആവശ്യപ്പെട്ടാണ് രാഹുല്‍ ഇന്ത്യ ‘എ’ ടീമിനൊപ്പം ചേര്‍ന്നത്. ഈ അവസരം മുതലെടുത്ത രാഹുല്‍, രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ച്വറിയും നേടി ഫോമിലേക്ക് മടങ്ങിയെത്തി. ഓപ്പണര്‍ സ്ഥാനത്ത് രാഹുലിന്റെ ഫോം ഇന്ത്യക്ക് വലിയ മുന്‍തൂക്കം നല്‍കും.

എന്നാല്‍, ഇംഗ്ലണ്ടില്‍ തന്റെ ആദ്യ ടെസ്റ്റ് പരമ്പര കളിക്കാന്‍ ഒരുങ്ങുന്ന യുവതാരം യശസ്വി ജയ്സ്വാളിന്റെ പ്രകടനം അല്പം ആശങ്കയുണര്‍ത്തുന്നതാണ്. ഇംഗ്ലണ്ടിലെ ചലിക്കുന്ന പന്തുകള്‍ക്ക് മുന്നില്‍ ജയ്സ്വാള്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. നാല് ഇന്നിംഗ്സുകളില്‍ നിന്നായി ഒരു അര്‍ദ്ധസെഞ്ച്വറിയടക്കം 107 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായ അഭിമന്യു ഈശ്വരന്‍ രണ്ട് മത്സരങ്ങളിലും ഓരോ അര്‍ദ്ധസെഞ്ച്വറി വീതം നേടി 167 റണ്‍സുമായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചു.

നിരാശപ്പെടുത്തി ഓള്‍റൗണ്ടര്‍മാര്‍: താക്കൂറോ, റെഡ്ഡിയോ?

പ്ലെയിംഗ് ഇലവനിലെ ഓള്‍റൗണ്ടര്‍ സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിതീഷ് റെഡ്ഡിക്കും ഷാര്‍ദുല്‍ താക്കൂറിനും തിളങ്ങാനായില്ല എന്നത് ടീം മാനേജ്‌മെന്റിന് തലവേദനയാകും. ഓസ്ട്രേലിയന്‍ പര്യടനത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റെഡ്ഡിക്കായിരുന്നു മുന്‍ഗണന. പേസ് ബൗളിങ്ങിന് അനുകൂലമായ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ റെഡ്ഡിക്ക് തിളങ്ങാനായില്ല. രണ്ട് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ബാറ്റുകൊണ്ട് ഭേദപ്പെട്ട പ്രകടനം (ഒരു അര്‍ദ്ധസെഞ്ച്വറിയടക്കം 135 റണ്‍സ്) നടത്തിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇത് മതിയാവില്ല.

മറുവശത്ത്, റെഡ്ഡിയോടുള്ള മത്സരത്തില്‍ പിന്നിലായിപ്പോയ ഷാര്‍ദുല്‍ താക്കൂറിനും ഈ അവസരം മുതലെടുക്കാനായില്ല. ബാറ്റിംഗില്‍ തിളങ്ങേണ്ടിയിരുന്ന താക്കൂര്‍ മൂന്ന് ഇന്നിംഗ്സുകളില്‍ നിന്നായി 80 റണ്‍സ് മാത്രമാണ് നേടിയത്. അതിനേക്കാള്‍ ആശങ്കപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ബൗളിംഗാണ്. ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും രണ്ടാം മത്സരത്തില്‍ വിക്കറ്റൊന്നും നേടാനായില്ല. ലയണ്‍സ് ബാറ്റര്‍മാരെ ഒട്ടും ബുദ്ധിമുട്ടിക്കാന്‍ താക്കൂറിന്റെ ബൗളിങ്ങിന് കഴിഞ്ഞില്ല.

ജൂണ്‍ 16-ന് നടക്കുന്ന അവസാന ഇന്‍ട്രാ-സ്‌ക്വാഡ് മത്സരം ഈ താരങ്ങള്‍ക്ക് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള അവസാന അവസരമായിരിക്കും. കരുണ്‍ നായരുടെയും കെ.എല്‍. രാഹുലിന്റെയും ഫോം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുമ്പോള്‍, ഓള്‍റൗണ്ടര്‍മാരുടെ ഫോമില്ലായ്മ ആദ്യ ടെസ്റ്റിനുള്ള ടീം കോമ്പിനേഷനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

Article Summary

A review of the India 'A' warm-up matches in England reveals a mixed bag for the senior team's prospects. The biggest positives were Karun Nair, who virtually locked down the vacant No. 4 spot with a magnificent double century, marking a strong comeback after eight years, and KL Rahul, who returned to form with a crucial century and a fifty. However, concerns remain as young opener Yashasvi Jaiswal showed vulnerability against the moving ball. The biggest headache for the team management is the all-rounder position, as neither Shardul Thakur nor Nitish Reddy made a compelling case, struggling to make an impact with the ball in conditions that should have favoured them.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in