പന്ത് നിര്‍ഗുണന്‍, ‘ധോണിയുമായി താരതമ്യം ചെയ്യുന്നത് വന്‍ ചതി’, തുറന്നടിച്ച് ഇന്ത്യന്‍ താരം

Image 3
CricketIPL

ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രംഗത്ത്. പന്തിന് ഒരിക്കലും മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പകരക്കാരനാകാന്‍ സാധിക്കില്ലെന്നാണ് ഗൗതം ഗംഭീര്‍ തുറന്നടിച്ചത്. അത്തരത്തിലുള്ള വിലയിരുത്തലുകള്‍ അവസാനിപ്പിക്കണമെന്നും പന്ത് ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

‘ധോണിയുമായി പന്തിനെ താരതമ്യപ്പെടുത്തിയുള്ള വിലയിരുത്തലുകള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. പന്തിന് ഒരിക്കലും ധോണിയാവാന്‍ സാധിക്കില്ല. മാധ്യമങ്ങള്‍ എത്രമാത്രം അക്കാര്യം സംസാരിക്കുന്നുവോ അത്രത്തോളം പന്ത് ആ വഴിയെ കാര്യങ്ങള്‍ കാണും. സിക്‌സ് പറത്താന്‍ അറിയാം എന്നത് കൊണ്ട് മാത്രമാണ് ആളുകള്‍ പന്തിനെ ധോണിയുമായി താരതമ്യപ്പെടുത്തിയത്.’

‘പന്ത് വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ഒരുപാട് മെച്ചപ്പെടാനുണ്ട് . ബോളര്‍മാര്‍ സ്മാര്‍ട്ടായി പന്തെറിഞ്ഞാല്‍ പന്ത് പ്രയാസപ്പെടുന്നതാണ് പലപ്പോഴും കാണുന്നത്. അതേസമയം, ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ തുടങ്ങിയ സമയം ധോണിയുടെ റേഞ്ച് ഉയരത്തിലായിരുന്നു. അതുകൊണ്ടാണ് പന്തിന് ചുറ്റുമുള്ളവരും, മാധ്യമങ്ങളും ധോണിയുമായി പന്തിനെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന് ഞാന്‍ പറയുന്നത്’ ഗംഭീര്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് പന്ത്. 12 മത്സരങ്ങളില്‍ നിന്ന് 285 റണ്‍സാണ് ഈ സീസണില്‍ പന്ത് നേടിയിട്ടുള്ളത്. ഒറ്റ അര്‍ദ്ധ സെഞ്ച്വറി പോലും ഈ സീസണില്‍ താരത്തിന്റെ അക്കൗണ്ടിലില്ല. കീപ്പിങ്ങിലെ പാളിച്ചകളും സീസണില്‍ നന്നായി പ്രകടമാണ്.