സാറിക്ക് താരങ്ങളുടെ കഴിവിൽ വിശ്വാസമില്ലായിരുന്നു, മുൻ പരിശീലകനെതിരെ വിമർശനവുമായി പ്യാനിച്ച്

Image 3
FeaturedFootball

മുൻ യുവന്റസ്‌ പരിശീലകനായിരുന്ന മൗറിസിയോ സാറിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ യുവന്റസ് താരവും ഇപ്പോഴത്തെ ബാഴ്സ താരവുമായ മിറാലം പ്യാനിച്ച്. മുൻ നാപോളി പരിശീലകനും ചെൽസി പരിശീലകനുമായ സാറി യുവന്റസിനൊപ്പം തുടർച്ചയായ ഒമ്പതാം കിരീടം നേടിക്കൊടുത്തിരുന്നു. എന്നാൽ ചാമ്പ്യൻസ്‌ലീഗിൽ ലിയോണിനെതിരെ തോറ്റുപുറത്തായതോടെ യുവന്റസ് സാറിയെ പുറത്താക്കി പിർലോയെ നിയമിക്കുകയായിരുന്നു.

ജുവന്റസിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയെങ്കിലും മുൻ പരിശീലകനെക്കുറിച്ച് നല്ലതല്ല പറയാനുള്ളത്. സാറിയുടെ താരങ്ങളോടുള്ള സമീപനത്തെക്കുറിച്ചാണ് പ്യാനിച്ച് കൂടുതൽ വിമർശനമുന്നയിച്ചത്. തങ്ങളുടെ താരങ്ങളിൽ വിശ്വാസമില്ലാത്തയാളാണ് സാറിയെന്നാണ് പ്യാനിച്ചിന്റെ അഭിപ്രായം. എത്ര മികച്ച രീതിയിൽ കളിച്ചാലും താരങ്ങളുടെ പ്രൊഫഷനലിസത്തെ സാറി ചോദ്യം ചെയ്യാറുണ്ടെന്നാണ് പ്യാനിച്ച് വെളിപ്പെടുത്തുന്നത്.

“എന്നെ ഇപ്പോഴും സങ്കടപ്പെടുത്തുന്ന ഒരു കാര്യം സാറി ഒരിക്കലും താരങ്ങളിൽ വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ്. അതെന്നെ അലോസരപ്പെടുത്തിയിരുന്നു. ആളുകളെ തെറ്റായ രീതിയിൽ വിലയിരുത്തുന്നത് അപകീർത്തിപരമാണ്. ആ ഡ്രസിങ് റൂമിലുണ്ടായിരുന്ന എല്ലാ താരങ്ങളും ക്ലബ്ബിനു വേണ്ടി എല്ലാം നൽകുന്ന താരങ്ങളായിരുന്നു.”

“ഒന്നോ രണ്ടോ താരങ്ങളുമായി മികച്ച രീതിയിൽ പോവാൻ കഴിയണമെന്നില്ല ഒരു മത്സരത്തിൽ. എന്നാൽ അതൊരിക്കലും ടീമിനോടുള്ള സമർപ്പണത്തെ ബാധിക്കുന്ന കാര്യമല്ല. കാരണം എല്ലാ താരങ്ങളും വിജയിക്കാൻ ആഗ്രഹിക്കുന്നവർ തന്നെയാണ്. ലക്ഷ്യങ്ങൾ പിന്തുടരുന്ന അസാമാന്യ പ്രൊഫഷണളുകൾ തന്നെയാണ് എല്ലാവരും. അതിനെ പരിശീലകൻ തന്നെ ചോദ്യം ചെയ്യുകയാണെങ്കിൽ പ്രസിഡന്റ്‌ പറഞ്ഞത് ആ ഊർജസ്വലത ടീമിനു നഷ്ടപ്പെടുന്നു. പരിശീലകനെന്ന നിലയിൽ ആരും അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്യില്ല. എന്നാൽ ഉള്ളത് ഈ പ്രശ്നമാണ്.” പ്യാനിച്ച് ടുട്ടോ സ്പോർട്ടിനോട് വെളിപ്പെടുത്തി.