എഴുതി തള്ളലും, വില കുറച്ചു കാണലും ഇവിടെ ചെലവാകില്ല! ഇത് ആള് വേറെയാണ് സാര്‍

Image 3
CricketTeam India

സനല്‍ കുമാര്‍ പത്മനാഭവന്‍

ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ മുന്‍പൊരു മഴക്കാലത്തിലേക്കു എന്നെ കൂട്ടി കൊണ്ട് പോകുന്നു…. 2011 ലെ ഒരു ജൂണ്‍ മാസത്തിലേക്കു……..
അന്നു ഒരു ചില്‍ഡ് കിംഗ് ഫിഷറിന്റെ ആലസ്യത്തില്‍ കളി കാണുമ്പോള്‍ അറിഞ്ഞിരുന്നില്ല ഏറ്റവും മികച്ച ഒരു ഏകദിന മത്സരം ആണ് നടക്കുന്നതെന്ന്…….

ആന്റിഗ യില്‍ ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് 96 റണ്‍സിന് എഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു പതറുമ്പോള്‍ , നിരാശ പടര്‍ന്നിരുന്ന ഗാലറിയി ലെ മുഖങ്ങളില്‍ പുഞ്ചിരി തെളിയിക്കാന്‍ റസ്സല്‍ എന്ന ഉരുക്കു മനുഷ്യന്‍ ബാറ്റുമായി അവതരിക്കുന്ന കാഴ്ച…
കൈക്കരുത്തിന്റെയും ചങ്കുറപ്പിന്റെയും പിന്‍ബലത്താല്‍ 64 ബോളില്‍ നിന്നും 92 റണ്‍സിന്റെ പൂരം അവസാനിക്കുമ്പോള്‍ വിന്‍ഡീസ് 225 എന്ന ഫൈറ്റിംഗ് സ്‌കോറിലേക്കു എത്തിയിരുന്നു..

മറുപടിക്കു ഇറങ്ങിയ നമ്മുടെ തുടക്കം ഗംഭീരം ആയിരുന്നു പാര്‍ഥിവ് എന്ന കൊച്ചു ചെക്കന്‍ ഒരറ്റത്ത് നിന്നു തന്റെ ക്ലാസ് സ്റ്റാമ്പ് ചെയ്ത് ഷോട്ടുകളുമായി കളം നിറഞ്ഞു തുടങ്ങിയപ്പോള്‍ മറുവശത്തു അയാളുടെ കൂട്ടുകാര്‍ വിന്‍ഡീന്റെ മുന്‍ നിര ബാറ്റ്്മാന്മാരുമായി മത്സരിക്കുക ആയിരുന്നു.. പാര്‍ത്ഥീവിന്റെ 40റണ്ണിന്റെ മനോഹര ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ നമ്മള്‍ 92 / 6 എന്ന നിലയില്‍ എത്തിയിരുന്നു…

വിദേശ പിച്ചുകളില്‍ കൂട്ട തകര്‍ച്ചയും തോല്‍വിയും ശീലമാക്കിയ ടീമിനെ കണ്ടു വളര്‍ന്ന നമ്മള്‍ ഇന്ത്യയുടെ അടുത്ത ഒരു തോല്‍വി കൂടി ഏറ്റു വാങ്ങാന്‍ മനസ് കൊണ്ട് തയാറെടുക്കുമ്പോള്‍ ആണ് ക്രീസിലേക്കു മടിയനും അലസനും ആയ ആ മുംബൈക്കാരന്‍ നടന്നു വരുന്നത്……

വാലറ്റക്കാരെ കൂട്ട് പിടിച്ചു തന്റെ അലസത മുഴുവന്‍ പ്രദര്ശിചിപ്പിച്ച 86 റണ്ണിന്റെ ഇന്നിങ്സുമായി അയാള്‍ പുറത്താകാതെ നില്‍ക്കുമ്പോള്‍ സ്‌ക്രീനില്‍ കണ്‍ഗ്രാജുലേഷന്‍ ടീം ഇന്ത്യ എന്ന് കാണാമായിരുന്നു…

ജയ ശേഷം ഒരു സ്റ്റമ്പും ഊരി നടന്നു പോകുന്ന അയാളെ നോക്കി ഡാരന്‍ സമ്മി ഇടറുന്ന സ്വരത്തില്‍ പറയുന്നത് കേള്‍ക്കാമായിരുന്നു…’ അലസന്‍ ‘……….

മറവിയുടെ ഒരു ചിതലിനു പോലും സ്പര്‍ശിക്കാന്‍ ആകാതെ ഹൃദയം ചില്ലുപാത്രത്തില്‍ അടച്ചു സൂക്ഷിക്കുന്ന എത്രയെത്ര ഓര്‍മ്മകള്‍ !

പ്രഥമ ട്വന്റി ലോകകപ്പ് , നീര്‍ക്കോലികള്‍ വരെ വിഷം തുപ്പുന്ന പെയ്‌സ് ബൗളിങ്ങിനെ തുണയ്ക്കുന്ന ആഫ്രിക്കയിലെ ഡര്‍ബണില്‍ തുടര്‍ച്ചയായ നാല് ബൗളുകളില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇന്ത്യയെ , പൊള്ളോക്ക് , എന്റിനി , ഫിലാന്‍ഡര്‍ , മോര്‍ണി മോര്‍ക്കല്‍ എന്നീ കരിമൂര്‍ഖന്മാരെ ഒരുമിച്ചു നേരിട്ടു വിഷമേല്‍ക്കാതെ പ്രധിരോധിച്ചും , അവസരം നോക്കി പത്തി നോക്കി അടിച്ചും തന്റെ സ്‌കോര്‍ കാര്‍ഡിന് നേരെ 50* എന്ന് എഴുതി ചേര്‍ത്ത ഒരു ഇരുപതുകാരന്റെ അരങ്ങേറ്റ മത്സരം !

ട്വന്റി ലോകകപ്പിന്റെ ഫൈനലില്‍, ഗംഭീര്‍ ഒഴികെ ബാക്കിയെല്ലാവരും പരാജയപ്പെട്ടപ്പോള്‍ ജോഹനാസ്ബര്‍ഗില്‍ 18 ഓവറില്‍ 130ല്‍ കിടന്ന ടീമിനെ, പാകിസ്താന്റെ പെയ്‌സ് ബാറ്ററി നിര്‍വീര്യമാക്കി ലാസ്‌റ് രണ്ട് ഓവറിലെ 30* (15) കടന്നാക്രമണത്തിലൂടെ 157 എന്ന ഡീസന്റ് സ്‌കോറിലേക്കു കടത്തി വിട്ട അയാള്‍ !

2008 സി ബി സീരിസില്‍ സിഡ്നിയില്‍, ഓസ്ട്രേലിയക്കെതിരെ ഒന്നാം ഫൈനലില്‍ 240 ലക്ഷ്യമിട്ടു ബാറ്റ് ചെയ്യുന്ന ഇന്ത്യ… 19 ആം ഓവറില്‍ യുവിയും മടങ്ങുമ്പോള്‍ 87/3 എന്ന നിലയില്‍ പരുങ്ങുമ്പോള്‍ നെഞ്ചും വിരിച്ചു കടന്നു വന്നു ബ്രെറ്റ്‌ലീ യെയും , ജോണ്‍സണെയും , ബ്രാകനെയും , ക്ലാര്‍ക്കിനെയും എല്ലാം സ്‌കൂള്‍ കുട്ടികളെ എന്നോണം നേരിട്ടു കൊണ്ടിരുന്ന മാസ്റ്റര്‍ക്ക് ഐക്യദാര്ട്യം പ്രഖ്യാപിച്ചു ആ ഇരുപത്തൊന്നുകാരനും സിഡ്നിയില്‍ ഷോട്ടുകള്‍ കൊണ്ട് വര്‍ണങ്ങള്‍ വാരി വിതറി 66 റണ്‍സും ഇന്ത്യക്കു വിജയവും സമ്മാനിച്ച ആ രാത്രി !

കൊല്‍ക്കത്ത കുതിര സവാരിക്കാര്‍ക്കു വേണ്ടി അവസാന ഓവറില്‍ 21 റണ്‍സ് സംരക്ഷിക്കാന്‍ ആയി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ ഗാംഗുലി തന്റെ ആവനാഴിയിലെ അവസാന അസ്ത്രവും എടുത്തു വീശിയെങ്കിലും , ഗാംഗുലിയുടെ സര്‍വ തന്ത്രങ്ങളെയും കാറ്റില്‍ പറത്തി മുര്‍ത്താസയുടെ ഓവറില്‍ രണ്ടു പടുകൂറ്റന്‍ സിക്സറും എണ്ണം പറഞ്ഞ ഡ്രൈവുകളിലൂടെ രണ്ടു ബൗണ്ടറിയും പറത്തി തന്റെ ടീമായ ഡെക്കാന്‍ ചാര്ജഴ്‌സിനെ പ്ലേയ് ഓഫിലെക്കു കടത്തി വിടുന്ന ആ മുംബൈക്കാരന്‍ !

ചിന്നസ്വാമിയില്‍ കോഹ്ലിയുമായുള്ള ധാരണാപിശകില്‍, റണ്ണൗട്ടിന്റെ രൂപത്തില്‍ കോഹ്ലിയുടെ വിക്കറ്റ് വീണത് തന്റെ പിഴവാണെന്ന തിരിച്ചറിവില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ പിച്ചി ചീന്തി അവരുടെ കണ്ണുനീര്‍ കൊണ്ട് തന്റെ കൂട്ടുകാരന്റെ വിക്കറ്റിന് അര്‍ച്ചന ചെയ്ത് ആ 209 റണ്‍സിന്റെ ഇന്നിംഗ്‌സ് !

വേഗവും ബൗണ്‍സും ഉള്ള ഓസ്ട്രേലിയന്‍ മണ്ണില്‍ വെറും ഫ്‌ളാാറ്റ് ട്രാക്ക് ബുള്ളി ആയ അയാള്‍ എന്ത് ചെയ്യാനാ എന്ന് ചോദിച്ചവരുടെ മുഖം അടച്ചു കൊടുത്ത പോലെ അടിച്ചെടുത്ത 5 മത്സരങ്ങളിലെ 440 റണ്‍സ് !

സ്വിങ്ങും ബൗണ്‍സും ഉള്ള ഇംഗ്ലിണ്ടിലെ പിച്ചില്‍, അയാള്‍ പതറുന്നത് കാണാന്‍… അയാളുടെ ചോരക്കു കാത്തിരുന്നവരുടെ മുന്നില്‍ 648 റണ്‍സുമായി ടോപ് സ്‌കോറെര്‍ പട്ടവുമായി ചിരിയോടെ നടന്നു പോകുന്ന അയാള്‍…… തുടങ്ങി എത്രയെത്ര മായാ കാഴ്ചകള്‍ !
എഴുതി തള്ളലും, വില കുറച്ചു കാണലും ഒന്നും ഇവിടെ വിലപ്പോവില്ല ! ഇത് ആള് വേറെയാണ് സാര്‍…..

ഒരിക്കലും ഒരു ഓപ്പണര്‍ ബാറ്റ്‌സ്മാനു ചേരാത്ത ശൈലി ആയിട്ടു പോലും , തനിക്കു ചേരാത്ത വേഷവും ഇട്ടു സനത് ജയസൂര്യ എന്ന പ്രതിഭ 22 വര്ഷം മുന്‍പ് സൃഷ്ടിച്ച ഓപ്പണിങ് ബാറ്‌സ്മാന്റെ ഒരു കലണ്ടര്‍ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡും ബ്രേക്ക് ചെയ്ത് പോയ മനുഷ്യന്‍ ആണ് ഭായ് !

തെക്കന്‍ കാറ്റത്തു അപ്പൂപ്പന്‍ താടി കുറച്ചു പറന്നു പൊങ്ങി എന്ന് കരുതി ഭൂമിക്കു ഗുരുത്വാകര്ഷണം നഷ്ടപ്പെട്ടു എന്നൊന്നും വിചാരിക്കല്ലേ ക്രിക്കറ്റ് പണ്ഡിറ്റുകളെ ! ഇടയ്ക്കിടയ്ക്ക് വിക്കറ്റ് വലിച്ചെറിയുന്ന ശീലം ഉണ്ടെങ്കിലും രോഹിത് ഗുരുനാഥ ശര്‍മ്മ ആണത്തവും ബാറ്റിങ് പ്രതിഭയും ആര്‍ക്കും പണയം വച്ചിട്ടില്ല…..

കം ഓണ്‍ രോഹിത്…..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്