രോഹിത്തിനെ പുറത്താക്കാന്‍ മൂപ്പുളള ഒരുത്തനും ടീം ഇന്ത്യയിലില്ല, ഓസീസിന്റെ അച്ഛനാണ് അയാള്‍

Image 3
CricketIPL

കൃപല്‍ ഭാസ്‌ക്കര്‍

ചില വസ്തുതകള്‍ പറയാം, ഇംഗ്ലീഷ് വശം ഇല്ലാത്തത് കൊണ്ട് മലയാളത്തില്‍ തന്നെ പറയാം,

ഒന്നാമത്തെ കാര്യം രോഹിത്തിനെ പുറത്താക്കാന്‍ മാത്രം പാങ്ങുള്ള ആരും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇല്ല. അദ്ദേഹം കോഹ്ലി കഴിഞ്ഞാല്‍ നിലവിലെ ഇന്ത്യന്‍ ടീമിലെ രണ്ടാമത്തെ ഏറ്റവും മികച്ചവന്‍ തന്നെയാണ്. 2013 തൊട്ട് കഴിഞ്ഞ വര്‍ഷം വരെ ഒരു കലണ്ടര്‍ ഇയറില്‍ 50 നു മുകളില്‍ ശരാശരിയില്‍ സ്‌കോര്‍ ചെയ്യുന്ന ലോകത്തെ ഒരേ ഒരു ഏകദിന ബാറ്റസ്മാന്‍ ആണ് രോഹിത് ഗുരുനാഥ് ശര്‍മ( അതും ഓപ്പണറായി ).

അപ്പോള്‍ ആ ഒരു ഫോമില്‍ കളിക്കുന്ന ഒരു പ്ലേയറേ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ മൂപ്പുള്ള ഒരാളും ടീമിലൊ ബിസിസിഐയിലോ കാണില്ല. ഐപിഎല്ലില്‍ ശര്‍മ മോശം ഫോമില്‍ അല്ലെ എന്ന് ചോദിക്കാം, കഴിഞ്ഞ ഏകദിന ലോക കപ്പിന് മുന്‍പുള്ള ഐപിഎല്ലിലും രോഹിത് സമാനമായ പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ച്ചവെച്ചത്, അന്നും സമാനമായ കരച്ചില്‍ ഉണ്ടായിരുന്നു, വിദേശത്തെ പിച്ചില്‍ രോഹിത് ശര്‍മ ദുരന്തമാവും എന്നൊക്കെ ആയിരുന്നു കരച്ചില്‍. ലോക കപ്പില്‍ രോഹിത് ബാറ്റ് ചെയ്തു നിര്‍ത്തിയത് എങ്ങനെ ആയിരുന്നെന്നു പ്രത്യേകിച്ച് ഓര്മിപ്പിക്കേണ്ടതില്ലല്ലോ.

രണ്ടാമത്തേത് ഓസ്‌ട്രേലിയന്‍ ഏകദിന, ടി20 പരമ്പരകളില്‍ രോഹിത്തിന്റെ സാന്നിധ്യം ടീം മാനേജ്‌മെന്റും, നായകനായ കോഹ്ലിയും തീര്‍ച്ചയായും ആഗ്രഹിക്കും. ഓസ്‌ട്രേലിയക്കെതിരെ രോഹിത്തിന്റെ റെക്കോര്‍ഡ് ഒന്ന് എടുത്തു നോക്കിയാല്‍ മതി, നിലവിലെ ഇന്ത്യന്‍ നിരയില്‍ ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ ‘അച്ഛന്‍’ എന്നൊക്കെ പറയാവുന്ന റെക്കോര്‍ഡ് അയാള്‍ക്കുണ്ട്, സാക്ഷാല്‍ വിരാട് കോഹ്ലിക്ക് പോലും അവകാശപ്പെടാനാവാത്തത്ര മികച്ച റെക്കോര്‍ഡ് . അത് കൊണ്ട് ഓസ്‌ട്രേലിയ സീരിയസ് രോഹിത്തിന് നഷ്ടമായാല്‍ നഷ്ടം ഇന്ത്യന്‍ ടീമിന്റെകൂടെയാണ്.

മൂന്നാമത്തെ വസ്തുത, വരുന്ന ടി20 ലോകകപ്പില്‍ രോഹിത് ഉണ്ടാവേണ്ടത് ടീമിന് അത്യാവശ്യമാണ്. ആ ഫോര്‍മാറ്റില്‍ ഇത്രയും സക്‌സസ്ഫുള്‍ ആയ ക്യാപ്റ്റന്‍ എന്ന നിലയില്‍ ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും രോഹിത്തിന്റെ സേവനം ഇന്ത്യന്‍ ടീം ആഗ്രഹിക്കുന്നുണ്ട്. ധോണി പോലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ചാണക്യന്‍ കളം വിട്ടത് കൂടി പരിഗണിച്ചാല്‍ രോഹിത് എത്രത്തോളം ടീമിന് ആത്യാവശ്യമാണെന്ന് മനസ്സിലാക്കാം.

രോഹിത് നിലവില്‍ അണ്ഫിറ്റാണ്, അതായത് പരിക്കേറ്റു നില്‍ക്കുന്നു. രോഹിത്ത് അല്പം കൂടി ഫിട്‌നെസ്സില്‍ ശ്രദ്ധിക്കണം എന്ന് തന്നെയാണ് അഭിപ്രായം. അതിനര്‍ത്ഥം അയാള്‍ ഇന്ന് പല ഭാഗത്തു നിന്നും ഉയരുന്ന ബോഡി ഷേമിങ് കമന്റുകള്‍ കേള്‍ക്കാന്‍ അര്‍ഹനാണ് എന്നല്ല. വിരാട് കൊഹ്ലിയെ പോലെ ഫിറ്റ്‌നസ് ഒന്നുമില്ലെങ്കിലും, ഇന്നും ഫീല്‍ഡില്‍ നല്ല സ്പീഡ് കീപ് ചെയ്യുന്നുണ്ട് രോഹിത്, കൂടാതെ അങ്ങനെയൊന്നും ചോരാത്ത കൈകളുമുണ്ട്. പക്ഷെ അദേഹത്തിന് ഭാരം കൂടുന്നത് ഇന്നത്തെ ക്രിക്കറ്റ് ആവശ്യപ്പെടുന്ന മത്സരക്ഷമത പരിഗണിക്കുമ്പോള്‍ പരിക്ക് വരാനുള്ള സാധ്യത കൂടുതല്‍ തന്നെയാണ്. ആ ഒരു കാര്യം സീരിയസ് ആയി തന്നെ അദ്ദേഹം പരിഗണിക്കും എന്ന് തന്നെയാണ് കരുതുന്നത്.

വരുന്ന വാര്‍ത്തകള്‍ പ്രകാരം രോഹിത് ഉടനെ തന്നെ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നും, മുംബൈക്കു വേണ്ടി പ്ലേ ഓഫും ഇന്ത്യക്ക് വേണ്ടി ഓസ്‌ട്രേലിയന് സീരിയസ്സും കളിക്കും എന്ന് തന്നെയാണ് കരുതുന്നത്. ഒറ്റ രാത്രി കൊണ്ട് രോഹിത് ശര്‍മയെ അങ്ങ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ചവിട്ടി പുറത്താക്കും എന്നൊക്കെ മനപ്പായസം ഉണ്ണുന്നവരോട് സഹതാപം മാത്രം. ഒന്ന് കൂടി പറയുന്നു നിലവില്‍ രോഹിത്ത് ശര്‍മയെ പുറത്താക്കാന്‍ മാത്രം മൂപ്പുള്ള ഒരുത്തനും ഇന്ത്യന്‍ ടീമിലൊ ബിസിസിഐയിലോ ഇല്ല..

കടപ്പാട് : സ്‌പോട്‌സ് പരാഡൈസോ ക്ലബ്