സഞ്ജു ടീം ഇന്ത്യയുടെ ഓപ്പണറാകുന്നു, സാധ്യതയിങ്ങനെ

Image 3
CricketCricket News

ഐപിഎല്ലിന്റെ പതിമൂന്നാം സീസണിന് പിന്നാലെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന പരമ്പരയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. ലോകക്രിക്കറ്റിലെ രണ്ട് വന്‍ ശക്തികള്‍ നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ അത് ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത മത്സരചൂടിനാകും സാക്ഷ്യം വഹിക്കുക.

മൂന്നു വീതം ഏകദിനങ്ങളും ടി20കളും പിന്നാലെ നാലു ടെസ്റ്റുകളുടെ പരമ്പരയുമാണ് ഓസ്ട്രേലിയക്കെതിരേ ഇന്ത്യ കളിക്കുക.

ഫിറ്റ്നസില്ലെന്നു ചൂണ്ടിക്കാട്ടി വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയെ നിശ്ചിത ഓവര്‍ പരമ്പരകളില്‍ നിന്നും ഇന്ത്യ മാറ്റി നിര്‍ത്തിയിരുന്നു. ഇതോടെ ആരോക്കെയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നതാണ് ചോദ്യം. ഐപിഎല്ലില്‍ കസറിയ ശിഖര്‍ ധവാനായിരിക്കും ഒരു ഓപ്പണറെന്നു ഉറപ്പായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിവായാന്‍ മൂന്ന് താരങ്ങള്‍ക്കാകും സാധ്യത കല്‍പിക്കുന്നത്.

ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, സഞ്ജു സാംസണ്‍ എന്നിവരുടെ പേരാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ള താരാണ് ശുഭ്മാന്‍ ഗില്‍. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്സ്മാന്‍ കൂടിയായ ഗില്‍ കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഓപ്പണര്‍ കൂടിയായിരുന്നു. ഇന്ത്യന്‍ എ ടീമിനു വേണ്ടിയും സ്ഥിരമായി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്ന താരമാണ് ഗില്‍.

കെകെആറിനു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 117.96 സ്ട്രൈക്ക് റേറ്റോടെ 440 റണ്‍സ് ഗില്‍ നേടിയിരുന്നു. സീസണില്‍ ടീമിന്റെ ടോപ്സ്‌കോററും അദ്ദേഹമായിരുന്നു. ടി20യില്‍ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് അത്ര മികച്ചതല്ലെങ്കിലും ടി20ക്ക് കൂടുതല്‍ അനുയോജ്യമായ ബാറ്റിങ് ശൈലിയാണ് താരത്തിന്റേത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 45.60 ശരാശരിയില്‍ 51 മല്‍സരങ്ങളില്‍ നിന്നും 2280 റണ്‍സ് ഗില്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു മായങ്ക് അഗര്‍വാള്‍. ന്യൂസിലാന്‍ഡിനെതിരേ ഈ വര്‍ഷമാദ്യം നടന്ന മമൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ മായങ്ക് കളിച്ചിരുന്നു. പക്ഷെ 36 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ അദ്ദേഹത്തിന് ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു.

കഴിഞ്ഞ ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനായി വെടിക്കെട്ട് പ്രകടനം നടത്തിയതോടെ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു മായങ്ക്. ഓസീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും താരം ഇന്ത്യന്‍ സംഘത്തിലുണ്ട്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ മായങ്ക് ഓപ്പണറായി ഇറങ്ങാന്‍ സാധ്യതയേറെയാണ്. 87 ലിസ്റ്റ് എ മല്‍സരങ്ങളില്‍ നിന്നും 4035 റണ്‍സ് താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

സഞ്ജു സാംസണ്‍ ആകട്ടെ ഓസീസിനെതിരേ ഏകദിന പരമ്പരയ്ക്കുള്ള ടീമിലെത്തുക ദുഷ്‌കരമാണെങ്കിലും ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിന് ഓപ്പണറായി നറുക്കുവീണേക്കും. റിഷഭ് പന്തിനെ തഴഞ്ഞാണ് ഇത്തവണ ടി20, ഏകദിന ടീമുകളില്‍ സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ടി20 ബാറ്റിങ് നിരയില്‍ ആറു സ്ഥാനങ്ങളിലൊന്നിലേക്കു താരത്തെ പരിഗണിച്ചേത്തുമെന്ന സൂചനയാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.

വിക്കറ്റ് കാക്കാന്‍ കെഎല്‍ രാഹുല്‍ ഉള്ളതിനാല്‍ തന്നെ സഞ്ജുവിനെ ബാറ്റ്സ്മാനായി കളിപ്പിക്കാനായിരിക്കും ഇന്ത്യയുടെ നീക്കം. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ സഞ്ജു ടി20യില്‍ ഓപ്പണ്‍ ചെയ്തിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല. സഞ്ജുവിനെ സംബന്ധിച്ച് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരാണ് ഓസീസ് പര്യടനം. ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ ഇത്തവണയും കഴിഞ്ഞില്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സിനായി മിന്നുന്ന പ്രകടനം നടത്തിയ ഇഷാന്‍ കിഷന്‍ സ്ഥാനം തട്ടിയെടുത്തേക്കും.