ശ്രീശാന്തിന്റെ വന്‍ തിരിച്ചുവരവിന് കളമൊരുങ്ങുന്നു, ആവേശ വാര്‍ത്ത

Image 3
CricketTeam India

മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത് വീണ്ടും മൈതാനത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്‌സ് ടി20 കപ്പിലാണ് ഏറെ നാളുകള്‍ക്ക് ശേഷം ശ്രീശാന്ത് പന്തെറിയുക.

നേരത്തെ ബിസിസിഐയുടെ ഏഴ് വര്‍ഷ വിലക്ക് ഈ വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ചെങ്കിലും കോവിഡ് 19 നെത്തുടര്‍ന്ന് ശ്രീശാന്തിന് ഇതു വരെ കളിക്കളത്തിലിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് ഇപ്പോള്‍ കെ സി എ, പ്രസിഡന്റ്‌സ് ടി20 ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും ശ്രീശാന്തിന്റെ മടങ്ങി വരവ് ഈ ടൂര്‍ണമെന്റിലൂടെയാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേ സമയം സര്‍ക്കാര്‍ അനുമതി ലഭിച്ചതിന് ശേഷമേ പ്രസിഡന്റ്‌സ് കപ്പിന്റെ മത്സരത്തീയതികളും ഷെഡ്യൂളുകളും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പുറത്ത് വിടു. നിലവില്‍ സൂചന പ്രകാരം ഈ വര്‍ഷം ഡിസംബറില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരുങ്ങുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കളികാരെയെല്ലാം ഒരു ബയോബബിളിനുള്ളിലാക്കിയിട്ടാകും ടൂര്‍ണമെന്‌റ് നടത്തുക.
ഫാന്റസി പ്ലാറ്റ്‌ഫോമായ ഡ്രീം 11, പ്രസിഡന്റ്‌സ് ടി20 ചാമ്പ്യന്‍ഷിപ്പുമായി സഹകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.