ആ കുഞ്ഞുങ്ങളെ ഓര്‍ത്ത് പേടിയോടെയാണ് എന്നും ഉണരുന്നത്, ഗാസയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തി ഗ്വാര്‍ഡിയോള
ഫുട്‌ബോള്‍ ലോകത്തെ തന്ത്രങ്ങളുടെ ആശാനായ പെപ് ഗ്വാര്‍ഡിയോള, കളിക്കളത്തിന് പുറത്ത് മാനുഷികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും വലിയ സന്ദേശം നല്‍കി ലോകത്തിന്റെ ശ്രദ്ധ നേടുകയാണ് ഗ്വാര്‍ഡിയോള ഇപ്പോള്‍.
മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് സ്വീകരിച്ച് സംസാരിക്കവെ, ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് വേണ്ടി അദ്ദേഹം ശക്തമായി ശബ്ദമുയര്‍ത്തി. ‘ഗാസയില്‍ കാണുന്ന കാഴ്ചകള്‍ അങ്ങേയറ്റം വേദനാജനകമാണ്, അത് എന്റെ ശരീരത്തെ മുഴുവന്‍ നോവിക്കുന്നു’ വൈകാരികമായി ഗ്വാര്‍ഡിയോള പറഞ്ഞു.
ഡോക്ടറേറ്റ് സ്വീകരണ വേദിയിലെ അപ്രതീക്ഷിത വാക്കുകള്‍
മാഞ്ചസ്റ്റര്‍ നഗരത്തിനും അവിടുത്തെ ഫുട്‌ബോളിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി പെപ് ഗ്വാര്‍ഡിയോളയെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചരിത്രപ്രസിദ്ധമായ വിറ്റ്വര്‍ത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ നസീര്‍ അഫ്‌സലാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. എന്നാല്‍, തനിക്ക് ലഭിച്ച ബഹുമതിയെക്കുറിച്ചും ഫുട്‌ബോളിനെക്കുറിച്ചും മാത്രം സംസാരിക്കാതെ, ലോകം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നായ ഗാസയിലെ ഇസ്രായേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ചാണ് ഗ്വാര്‍ഡിയോള സംസാരിച്ചത്.
‘ഗാസയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത വേദന തോന്നുന്നു. ഇത് ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെയോ ശരിതെറ്റുകളുടെയോ പ്രശ്‌നമല്ല. ഇത് മനുഷ്യ ജീവനോടുള്ള സ്‌നേഹത്തിന്റെ, അയല്‍ക്കാരനോടുള്ള കരുതലിന്റെ കാര്യമാണ്’ ഗ്വാര്‍ഡിയോള പറഞ്ഞു.
‘അടുത്തത് നമ്മുടെ ഊഴമാകാം’
ഗാസയിലെ ആശുപത്രികള്‍ തകര്‍ക്കപ്പെടുന്നതും നാല് വയസ്സുള്ള കുട്ടികള്‍ പോലും ബോംബ് വീണ് കൊല്ലപ്പെടുന്നതും കാണുമ്പോള്‍ അത് നമ്മുടെ വിഷയമല്ലെന്ന് കരുതി മാറിനില്‍ക്കാനാവില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
‘ഇതൊന്നും നമ്മുടെ ബിസിനസ്സല്ലെന്ന് നമുക്ക് ചിന്തിക്കാം. പക്ഷെ സൂക്ഷിക്കുക, അടുത്തത് നമ്മുടെ ഊഴമായിരിക്കാം. കൊല്ലപ്പെടുന്ന അടുത്ത നാലോ അഞ്ചോ വയസ്സുള്ള കുട്ടി നമ്മുടേതാകാം. ക്ഷമിക്കണം, പക്ഷെ ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന ചിന്തകള്‍ തുടങ്ങിയത് മുതല്‍ എല്ലാ ദിവസവും രാവിലെ ഞാന്‍ എന്റെ കുട്ടികളെ കാണുമ്പോള്‍ വല്ലാതെ ഭയന്നുപോകുന്നു. ഈ ദുരന്തചിത്രങ്ങള്‍ നമ്മള്‍ ജീവിക്കുന്ന സ്ഥലത്ത് നിന്ന് ഒരുപാട് അകലെയാണെന്ന് തോന്നാം. നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും നിങ്ങള്‍ ചോദിച്ചേക്കാം’ ഗ്വാര്‍ഡിയോള തന്റെ ആശങ്ക പങ്കുവെച്ചു.
ചെറിയ പക്ഷിയുടെ വലിയ പാഠം
ശരിക്ക് വേണ്ടി നിലകൊള്ളേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഗ്വാര്‍ഡിയോള ഒരു ചെറിയ പക്ഷിയുടെ കഥ പറഞ്ഞു.
‘കാടിന് തീ പിടിച്ചപ്പോള്‍ എല്ലാ മൃഗങ്ങളും നിസ്സഹായരായി ഭയന്നുവിറച്ചു നിന്നു. എന്നാല്‍ ഒരു ചെറിയ പക്ഷി തന്റെ കൊക്കില്‍ കൊള്ളാവുന്നത്ര വെള്ളവുമായി കടലിലേക്ക് വീണ്ടും വീണ്ടും പറന്നുപോയി തീ കെടുത്താന്‍ ശ്രമിച്ചു. ഇത് കണ്ട് പാമ്പ് ചിരിച്ചുകൊണ്ട് ചോദിച്ചു, ‘നീയെന്തിനാണ് ഈ വൃഥാ വ്യായാമം ചെയ്യുന്നത്? നിനക്ക് ഒരിക്കലും ഈ തീ കെടുത്താന്‍ കഴിയില്ല’. പക്ഷി മറുപടി പറഞ്ഞു, ‘അതെ, എനിക്കറിയാം’. ‘പിന്നെന്തിന് നീ ഇത് വീണ്ടും വീണ്ടും ചെയ്യുന്നു?’ പാമ്പ് വീണ്ടും ചോദിച്ചു. ‘ഞാന്‍ എന്റെ ഭാഗം ചെയ്യുകയാണ്,’ പക്ഷി അവസാനമായി മറുപടി നല്‍കി.’
ഈ കഥയിലൂടെ വലിയ മാറ്റങ്ങള്‍ വരുത്താന്‍ നാം വളരെ ചെറിയവരാണെന്ന് ചിന്തിക്കുന്ന ലോകത്ത്, ഒന്നിന്റെ ശക്തി അതിന്റെ വലുപ്പത്തിലല്ല, മറിച്ച് തിരഞ്ഞെടുപ്പിലാണെന്ന് ഗ്വാര്‍ഡിയോള ഓര്‍മ്മിപ്പിച്ചു. ‘അത് ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളില്‍ നിശബ്ദനായിരിക്കാനോ നിശ്ചലനായിരിക്കാനോ വിസമ്മതിക്കുന്നതിനെക്കുറിച്ചാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലും ഹമാസും തമ്മിലുള്ള ബന്ദി കരാറിനും വെടിനിര്‍ത്തലിനുമുള്ള ചര്‍ച്ചകളില്‍ ഇറാനും പങ്കാളിയാകുന്നുണ്ടെന്ന് ജൂണ്‍ 9-ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോകം ഉറ്റുനോക്കുന്ന കായിക വ്യക്തിത്വങ്ങളിലൊരാളായ ഗ്വാര്‍ഡിയോളയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.
2023 ഒക്ടോബറില്‍ ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് തീവ്രതയേറിയത്. ഈ ആക്രമണത്തില്‍ 1200 ഓളം പേര്‍ കൊല്ലപ്പെടുകയും 250-ല്‍ അധികം ആളുകളെ ബന്ദികളാക്കുകയും ചെയ്തുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പ്രതികാരമായി ഇസ്രായേല്‍ ഗാസയില്‍ ശക്തമായ ആക്രമണം ആരംഭിക്കുകയും പിന്നീട അത് വംശഹതയയായി മാറുകയും ചെയ്തു.
2025 ജനുവരിയില്‍ വെടിനിര്‍ത്തലിനും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നതിനും ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍, 2025 മാര്‍ച്ചില്‍ ഇസ്രായേല്‍ ഗാസ മുനമ്പില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചു. ഈ ആക്രമണത്തില്‍ 400-ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
Article Summary
Manchester City manager Pep Guardiola used the occasion of receiving an honorary doctorate from the University of Manchester to deliver a powerful and emotional speech on the humanitarian crisis in Gaza. Expressing profound personal anguish, Guardiola stated, "It's so painful what we see in Gaza. It hurts my whole body," and shared his fear for the children affected by the conflict. He warned against global indifference, poignantly adding, "be careful. The next one will be ours." To illustrate the importance of individual action, he told the story of a small bird trying to put out a forest fire with tiny drops of water, explaining its message: "the power of one is not about the scale. It's about choice. About showing up, about refusing to be silent." Guardiola's speech, which moved beyond football to address a pressing global issue, has garnered significant international attention.
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.