നാലു പ്രമുഖതാരങ്ങളില്ലാതെ യുണൈറ്റഡ് ഇന്നു ചാമ്പ്യൻസ്‌ലീഗിൽ പിഎസ്‌ജിക്കെതിരെ ഇറങ്ങുന്നു

Image 3
Champions LeagueFeaturedFootball

പിഎസ്‌ജിക്കെതിരെ ചാമ്പ്യൻസ്‌ലീഗിന്റെ ഗ്രൂപ്പ്‌  ഘട്ട  മത്സരത്തിനായി യുണൈറ്റഡ് പാരിസിലേക്ക് പറന്നിരിക്കുകയാണ്. എന്നാൽ ചില സൂപ്പർതാരങ്ങളെ മാഞ്ചസ്റ്ററിൽ തന്നെ  ഉപേക്ഷിച്ചിട്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്  പിഎസ്‌ജിയെ നേരിടാനൊരുങ്ങുന്നത്. അടുത്തിടെ യുണൈറ്റഡ് സ്വന്തമാക്കിയ    മുൻ പിഎസ്‌ജി സൂപ്പർതാരം  എഡിൻസൺ കവാനി പിഎസ്‌ജിക്കെതിരെ അരങ്ങേറുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു.

എന്നാലിപ്പോൾ കവാനിയെ മാഞ്ചസ്റ്ററിലെ  ക്യാരിങ്ടൺ  ബേസിൽ കൂടുതൽ പരിശീലനത്തിനായി  നിയോഗിച്ചാണ് യുണൈറ്റഡ് പാരിസിലേക്ക് വിമാനം കയറിയിരിക്കുന്നത്. ഒപ്പം യുണൈറ്റഡ്  ക്യാപ്റ്റൻ  ഹാരി മഗ്വയറിനെയും ഒലെ അവസാന നിമിഷം സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പകരം ബ്രൂണോ ഫെർണാണ്ടസായിരിക്കും പിഎസ്‌ജിക്കെതിരായി യുണൈറ്റഡിന്റെ പുതിയ ക്യാപ്റ്റൻ.

യുവതാരം  മേസൺ  ഗ്രീൻവുഡും പ്രതിരോധതാരം  എറിക് ബെയ്‌ലിയും  പിയെസ്ഗിക്കെതിരായ മത്സരത്തിൽ നിന്നും ഒലെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ മൊത്തം നാലു സൂപ്പർതാരങ്ങൾക്കാണ് പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ്‌ലീഗിലെ ആദ്യ ഗ്രൂപ്പ്‌ ഘട്ട മത്സരം നഷ്ടമാവുന്നത്.

എന്നാൽ കവാനി കളിക്കാനുണ്ടെങ്കിലും യുണൈറ്റഡിനെ തകർക്കുമെന്ന് പ്രഖ്യാപിച്ച് കിലിയൻ എംബാപ്പെ രംഗത്തെത്തിയിരുന്നു. നിർഭാഗ്യവശാൽ കവാനിക്ക് പിഎസ്‌ജിക്കെതിരെ കളിക്കാനാവാത്ത അവസ്ഥയാണുള്ളത്. എന്നാൽ ചാമ്പ്യൻസ്‌ലീഗിനു ശേഷം പ്രീമിയർ ലീഗിൽ ചെൽസിക്കെതിരായ മത്സരത്തിൽ കവനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.