നാപോളിക്കെതിരെ ഇരട്ട ഗോൾ പ്രകടനം, അപൂർവറെക്കോർഡിട്ട് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

Image 3
FeaturedFootballSerie A

അമേരിക്കൻ ക്ലബ്ബായ ലാ ഗാലക്സിയിൽ നിന്നും ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനിലേയ്ക്ക് ചേക്കേറിയ ശേഷം അഭൂതപൂർവമായ പ്രകടനമാണ് സൂപ്പർതാരം കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. നാപോളിയുമായി നടന്ന ലീഗിലെ സുപ്രധാന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്ത് എസി മിലാൻ പോയിന്റ് ടേബിളിൽ വീണ്ടും തലപ്പത്തെത്തിയിരിക്കുകയാണ്.

സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ഇരട്ടഗോൾ പ്രകടനമാണ് മിലാനു നാപൊളിക്കുമേൽ ആധിപത്യം നേടിക്കൊടുത്തത്. ഇതോടെ ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ വെറും ആറു മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ നേടി ഒന്നാം സ്ഥാനത്തെത്താൻ ഈ 39 കാരന് സാധിച്ചിരിക്കുകയാണ്. സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയെ മറികടന്നാണ് സ്ലാട്ടൻ ഒന്നാമതെത്തി നിൽക്കുന്നത്.

കാഗ്ലിയാരിയുമായി നടന്ന മത്സരത്തിൽ ക്രിസ്ത്യാനോയും ഇരട്ടഗോൾ പ്രകടനം നടത്തിയിരുന്നു.എട്ടു ഗോളുകളാണ് ക്രിസ്ത്യാനോ അഞ്ചു മത്സരങ്ങളിൽ നിന്നായി അടിച്ചു കൂട്ടിയത്. മിലാനു വേണ്ടി ഇരട്ടഗോൾ പ്രകടനത്തോടെ സീരി എയിൽ മറ്റൊരു റെക്കോർഡിനൊപ്പം എത്തി നിൽക്കുകയാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ഒരു മത്സരത്തിനു മൂന്നു പോയിന്റ് എന്ന സംവിധാനം സീരി എയിൽ നിലവിൽ വന്നതിനു ശേഷം ലീഗിൽ തുടർച്ചയായ ആറു മത്സരങ്ങളിൽ ഗോൾ നേടുകയെന്ന നേട്ടത്തിനൊപ്പമെത്താൻ സ്ലാട്ടനു സാധിച്ചിരിക്കുകയാണ്.

ഈ റെക്കോർഡിനൊപ്പമെത്തുന്ന നാലാമത്തെ കളിക്കാരനായി മാറിയിരിക്കുകയാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. 1994-95ൽ ഫിയോരെന്റീനക്കായി ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയാണ് ഈ നേട്ടം ആദ്യം നേടിയെടുത്തത്. പിന്നീട് ഇന്ററിനായി 2002-2003 സീസണിൽ ക്രിസ്ത്യൻ വിയേരിയും 2018-19 സീസണിൽ ജനോവക്കായി ക്രിസ്റ്റോഫ് പിയാടെക്കുമാണ് ഈ നേട്ടത്തിനുടമകളായത്. സ്ലാട്ടന്റെ മാരക ഫോം ഇത്തവണ മിലാന്റെ സീരി എ കിരീട നേട്ടത്തിനു വലിയ ഊർജമാകുമെന്നതിൽ തർക്കമില്ല.